തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാക്കി ഉയർത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. ബഡ്‌ജറ്റിന് മുമ്പ്, സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം പത്തു ശതമാനമായിരുന്നു. ഇതുതന്നെ, കൂടുതലാണെന്നും കുറയ്ക്കാത്ത പക്ഷം കള്ളക്കടത്ത് വർദ്ധിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ബഡ്‌ജറ്റിൽ ചുങ്കം വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്.
നിയമാനുസൃതവും സത്യസന്ധമായും കച്ചവടം നടത്തുന്നവരെ തകർക്കുന്ന നടപടിയാണിത്. ജി.എസ്.ടി., ആദായ നികുതി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സർക്കാരിന് വൻ വരുമാനം നൽകുന്ന മേഖലയാണ് സ്വർണ വിപണി. നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിനു പേർക്ക് തൊഴിലും ഈ മേഖല നൽകുന്നു. എന്നിട്ടും, ചുങ്കം വർദ്ധിപ്പിച്ചത് ഖേദകരമാണെന്നും ഇത് ഏഴ് ശതമാനത്തിന് താഴെയായി കുറയ്‌ക്കുകയാണ് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.