കോഴിക്കോട്: സംസ്ഥാനത്ത് കൂടുതൽ ട്രാൻസ്ജെൻഡറുകൾ ഉന്നതവിദ്യാഭ്യാസം നേടാനായി എത്തുന്നു. കോഴിക്കോട് രണ്ട് ട്രാൻസ്ജെൻഡറുകളാണ് ഇന്ന് ബിരുദ പഠനത്തിന് ചേർന്നത്. സഞ്ജന ചന്ദ്രനെന്നും അനാമികയെന്നും പേരുകളുള്ള ഇവർ യഥാക്രമം ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിനും ബി.കോമിനുമാണ് ചേർന്നിരിക്കുന്നത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവേശനം നേടിയ ഇവരെ ആവേശത്തോടെയും കയ്യടികളോടെയും പൂച്ചെണ്ടുകൾ നൽകിയാണ് സഹപാഠികൾ സ്വീകരിച്ചത്. സ്വന്തം വ്യക്തിത്വത്തിൽ വിദ്യാഭ്യാസം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. അതിജീവനത്തിന് വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന തിരിച്ചറിവിലാണ് ഇവർ വീണ്ടും കലാലയ മുറ്റത്തേക്ക് എത്തുന്നത്.
'പാതിവഴിയിൽ നിർത്തിയ പഠനം തുടരുക എന്നതാണ് ലക്ഷ്യം. അതിനോടൊപ്പം തന്നെ എന്താണ് ട്രാൻസ്ജെൻഡർ എന്നും ഞങ്ങൾക്കും മുഖ്യധാരയിലേക്ക് വരാനുള്ള അവകാശമുണ്ടെന്നും സമൂഹത്തിന് കാണിച്ചു കൊടുക്കണം. അതുതന്നെയാണ് ഈ കോളേജിൽ ഇപ്പോൾ ചേർന്നതിന്റെ മുഖ്യകാരണം.' സഞ്ജന പറയുന്നു.
ഇവർക്ക് പിന്തുണ അറിയിച്ച് ക്യാമ്പസിലെ കോളേജ് യൂണിയനും ഇവർക്കൊപ്പമുണ്ട്. എന്ത് സഹായവും ട്രാൻസ്ജെൻഡേഴ്‌സിന് തങ്ങളിൽ നിന്നും പ്രതീക്ഷിക്കാമെന്നും എല്ലാത്തിനും തങ്ങൾ ഒപ്പം ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ നായികയായ അഞ്ജലി അമീറും മലബാർ ക്രിസ്ത്യൻ കോളേജിൽ ഈ മാസം തന്നെ പ്രവേശനം നേടും.