ഓച്ചിറ: കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ ഒരു മദ്രസ വിദ്യാർത്ഥിയിൽക്കൂടി ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു. ഓച്ചിറയിലെ മദ്രസയിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ മുന്നൂറോളം പേർക്ക് ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പ്പ് നടത്തി.
നേരത്തേ, ഡിഫ്തീരിയ ബാധിച്ച പത്തനാപുരം സ്വദേശിയായ 11കാരനുമായി അടുത്ത് സഹകരിച്ച അഞ്ച് വിദ്യാർത്ഥികൾ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം ഹെൽത്ത് ലാബിൽ നടന്ന പരിശോധനയിലാണ് ഇവരിൽ ഒരാൾക്ക് രോഗം കണ്ടെത്തിയത്. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റ് നാലുപേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
നാളെ മുതൽ ഇ.എൻ.ടി ഡോക്ടറുടെ സേവനം മദ്രസയിൽ ലഭ്യമാക്കാൻ ഡി.എം.ഒ ഉത്തരവിറക്കി. പനിയും തൊണ്ടവേദനയുമായി ഒരു കുട്ടിയെ ഈ മാസം രണ്ടിനാണ് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും മറ്റുള്ളവരെ നീരീക്ഷണത്തിലാക്കുകയുമായിരുന്നു.