kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വിർദ്ധന ഗാർഹി ക ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാകും. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വർദ്ധന. ഇതിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം വൈദ്യുതി ബില്ലിൽ 11.4 ശതമാനത്തിന്റെ വർദ്ധനയുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

നിരക്ക് വർദ്ധന അനുസരിച്ച് പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതബില്ലിൽ 18 രൂപയുടെ വർദ്ധന ഉണ്ടാകും. 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപ വർദ്ധിക്കും.

125 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ പ്രതിമാസം 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് ആകുമ്പോൾ ഇത് 67 രൂപയാകും 175 യൂണിറ്റ് വരെയുളള വൈദ്യുതി ഉപഭോഗത്തിന് 90 രൂപയും 200 യൂണിറ്റ് വരെ 97 രൂപയും ഉപഭോക്താവ് അധികം കണ്ടെത്തേണ്ടി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


ബി.പി.എൽ വിഭാഗത്തെയും 40 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവരെയും വൈദ്യുതി വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അൻപത് യൂണിറ്റ് വരെ രണ്ട് രൂപ 90 പൈസയായിരുന്ന നിരക്ക് മൂന്ന് രൂപ പതിനഞ്ച് പൈസയാക്കിയാണ് ഉയർത്തിയത്. 25 പൈസയാണ് വർദ്ധന. 51 മുതൽ 300 യൂണിറ്റ് വരെ പുതിയ നിരക്ക് പ്രകാരം മുപ്പത് പൈസയുടെ വർദ്ധനയാണ് ഉള്ളത്. 301 മുതൽ 350 യൂണിറ്റ് വരെ നാല്പത് പൈസയാണ് വർദ്ധന. ഗാർഹിക ഉപയോക്താക്കൾക്ക് പരമാവധി വർദ്ധന യൂണിറ്റിന് 40 പൈസയാണെന്ന് റഗുലേറ്ററി അതോറിട്ടി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജൻ അറിയിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങൾ നിലവിലെ ചാർജ് 100 രൂപ എന്നത് 120 രൂപയായി ഉയർത്തി. 10 കിലോ വാട്ടിന് മുകളിലും 20കിലോവാട്ടിനും താഴെയും ഉപയോഗിക്കുന്നവര്‍ക്ക് വർധനയില്ല. 20 കിലോവാട്ടിന് മേലെയുള്ളവർക്ക് 20 രൂപയാണ് വർദ്ധനവ്.

വർദ്ധനയുടെ പട്ടിക ചുരുക്കത്തിൽ

50 യൂണിറ്റ് വരെ 18 രൂപ

75 യൂണിറ്റ് വരെ 35 രൂപ

100 യൂണിറ്റ് വരെ 42 രൂപ

125 യൂണിറ്റ് വരെ 60 രൂപ

150 യൂണിറ്റ് വരെ 67 രൂപ

175 യൂണിറ്റ് വരെ 90 രൂപ

200 യൂണിറ്റ് വരെ 97 രൂപ