heaviest-man

ലാഹോർ: പാകിസ്ഥാനിലെ ഏറ്റവും ഭാരമുള്ള വ്യക്തി, ചികിത്സയിൽ കഴിയവെ മരിച്ചു. 330 കിലോ ഭാരമുണ്ടായിരുന്ന ലാഹോർ സ്വദേശി നൂറുൽ ഹുസൈൻ(55) ആണ് മരിച്ചത്. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഐ.സിയുവിൽ കഴിയുകയായിരുന്നു നൂറുൽ.

അതേസമയം, ആശുപത്രിയിലുണ്ടായ ആക്രമണത്തെത്തുടർന്ന് ശരിയായ പരിചരണം ലഭിക്കാതെയാണ് നൂറുൽ മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ലാഹോറിലെ ആശുപത്രിയിൽജൂൺ 28നായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ആക്രമണം തുടങ്ങിയതുമൂലം നൂറുൽ ഹുസൈൻ ഐ.സി.യുവിൽ തനിച്ചായി. ഈ സമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ.സി.യുവിൽ ഉണ്ടായിരുന്ന മറ്റൊരു രോഗിയും മരിച്ചിട്ടുണ്ട്. ആശുപത്രിയിൽ അക്രമം നടത്തിയവർ ഐ.സി.യുവിലെ ചില്ലുകളും വെന്റിലേറ്ററുകളും തകർക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സ്വന്തം ജീവൻ രക്ഷിക്കാൻ ഓടി രക്ഷപ്പെട്ടു. ഇതോടെ ഐ.സി.യുവിൽ രോഗികള്‍ തനിച്ചാവുകയായിരുന്നു.

സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ വീടിന്റെ മതിൽ തകർത്താണ് നൂറുലിന് പാക് സൈന്യത്തിന്റെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചത്. ഭാരം കാരണം വീടിന്റെ ഗെയ്റ്റ് കടക്കാൻ കഴിയാതിരുന്ന ഇദ്ദേഹം വീടിന് പുറത്തിറങ്ങിയിരുന്നില്ല.