ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ മൂലധന സഹായമായി കേന്ദ്രസർക്കാർ നൽകിയത് 3.15 ലക്ഷം കോടി രൂപ. റിസർവ് ബാങ്കിന്റെ മാനദണ്ഡപ്രകാരമുള്ള, മിനിമം കാപ്പിറ്റൽ ടു റിസ്‌ക് വെയിറ്റഡ് അസറ്റ് റേഷ്യോ (സി.ആർ.എ.ആർ) ഒമ്പത് ശതമാനത്തിൽ കുറയാതെ നിലനിറുത്താൻ ബാങ്കുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നൽകിയതെന്ന് കേന്ദ്ര ധനസഹമന്ത്രി അരുരാഗ് സിംഗ് ഠാക്കൂർ പാർലമെന്റിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 31ലെ കണക്കുപ്രകാരം 18 പൊതുമേഖലാ ബാങ്കുകൾക്കും സി.ആർ.എ.ആർ മാനദണ്ഡം പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2008-09 മുതൽ 2018-19 വരെയായി പൊതുമേഖലാ ബാങ്കുകൾ സർക്കാർ സഹായത്തിന് പുറമേ 2.81 ലക്ഷം കോടി രൂപ സമാഹരിച്ചു. 98,373 കോടി രൂപയുടെ അറ്റാദായവും നേടിയെന്ന് മന്ത്രി പറഞ്ഞു.