sachin

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ നാളെ ന്യൂസിലാൻഡുമായി നടക്കുന്ന ആദ്യസെമിഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. അവസാന ഇലവനെക്കുറിച്ച് ടീം മാനേജ്മെന്റിന്റെ ചർത്തകൾ നടക്കുന്നതിനിടെയാണ് സച്ചിന്റെ അഭിപ്രായം.

അവസാന പതിനൊന്നിൽ രവീന്ദ്ര ജഡേജയെ തിർച്ചയായും ഉൾപ്പെടുത്തണമെന്നാണ് സച്ചിൻ പറയുന്നത്. ഏഴാം നമ്പറിൽ കാർത്തിക്ക് ബാറ്റ് ചെയ്യുന്നതിനെക്കാൾ നല്ലത് ജഡേജയാണെന്നാണ് സച്ചിന്റെ അഭിപ്രായം. ജഡേജ ടീമിലുണ്ടെങ്കിൽ ഇടം കൈയ്യൻ സ്പിന്നറുടെ സേവനംകൂടി ഇന്ത്യക്ക് ലഭിക്കുന്നത് ഗുണം ചെയ്യും.


ബൗളിംഗ് നിരയിൽ മുഹമ്മദ് ഷമി തിരിച്ചെത്തണമെന്നും സച്ചിൻ പറയുന്നു. നാല് സ്‌പെഷ്യലിസ്റ്റ് ബൗളർമാർ ടീമിൽ വേണം. ഷമി തിരിച്ചെത്തുന്നതാണ് നല്ലതെന്നും സച്ചിൻ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഷമി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാൽ ഷമിയുടെ സാന്നിദ്ധ്യം ടീമിന് കരുത്തേകുമെന്നും സച്ചിൻ പറയുന്നു.

സച്ചിന്റെ അഭിപ്രായമനുസരിച്ചാണെങ്കിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരും ഒരു സ്പിന്നറുമാണ് ടീമിൽ വേണ്ടത്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും. ബാറ്റിംഗ് നിരയിൽ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും.

ലോകകപ്പിൽ രണ്ട് മത്സരങ്ങളിലിറങ്ങിയ ദിനേശ് കാർത്തിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെ എട്ട് റൺസ് മാത്രമാണ് കാർത്തിക് നേടിയത്. ശ്രീലങ്കക്കെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതുമില്ല.

ആദ്യ സെമിയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും. ഈ ലോകകപ്പിൽ ഇതുവരെ നേർക്കുനേർ വരാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം