kohli

മാഞ്ചസ്റ്രർ: ഇന്ത്യയുടെ നീലപ്പടയോ ന്യൂസിലൻഡിന്റെ ബ്ലാക്ക് ആർമിയോ... ഇത്തവണ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്രിനെ ഇന്ന് രാത്രി അറിയാം. മാഞ്ചസ്റ്രറിൽ ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമി പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽഒരു മത്സരത്തിൽ മാത്രമേ ഇന്ത്യ തോറ്രിട്ടുള്ളൂ. മറുവശത്ത് ന്യൂസിലൻഡ് 9 മത്സരങ്ങളിൽ നിന്ന് 5 ജയവും 3 തോൽവിയുമായി 11 പോയിന്റ് നേടി 4-ാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സെമിയിലേക്ക് യോഗ്യത നേടിയത്. രണ്ട് ജയം മാത്രമകലെ നിൽക്കുന്ന ലോകകപ്പിനായി ഇരുടീമും കളത്തിലിറങ്ങുമ്പോൾ ആവേശപ്പോരാട്ടം തന്നെ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം. അതേസമയം മാഞ്ചസ്റ്ററിലെ കഴിഞ്ഞ ദിവസങ്ങളിലെ മൂടിക്കെട്ടിയ അന്തരീക്ഷം മഴയുടെ ഭീഷണിയും നൽകുന്നുണ്ട്.

കിരീടം തേടി

തുടർച്ചയായ മൂന്നാം ലോകകപ്പ് സെമി ഫൈനലിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 2011ൽ സെമിയിൽ പാകിസ്ഥാനെ കീഴടക്കിയ ഇന്ത്യ ഫൈനലിൽ ശ്രീലങ്കയേയും തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടിരുന്നു. എന്നാൽ 2015ൽ ആസ്ട്രേലിയയോട് സെമിയിൽ ഇന്ത്യയ്ക്ക് തോറ്റു. കപിലിന്റെ ചകുത്താൻമാർ 1983ൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ ലോകകിരീടത്തിൽ മുത്തമിട്ടതിന് ശേഷം ലോഡ്സിൽ വീണ്ടും ലോകകിരീടമുയർത്തുന്ന ഇന്ത്യൻ സംഘമാകാനാണ് കൊഹ്‌ലിയും സംഘവും കച്ചകെട്ടുന്നത്. ബാറ്രിംഗിലും ബൗളിംഗിലും മികച്ച ഫോം പുലർത്തുന്ന ഇന്ത്യയ്ക്ക് തന്നെയാണ് സെമിയിൽ കടലാസിൽ മുൻതൂക്കം. 5സെഞ്ച്വറി ഈ ലോകകപ്പിൽ അടിച്ചുകഴിഞ്ഞ രോഹിത് ശർമ്മ ഇന്നും ഫോം നിലനിറുത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ബുംറയുടെ കൗശല ബാളുകൾ ഇന്നും ഇന്ത്യയ്ക്ക് രക്ഷയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്രിംഗിലും ബൗളിംഗിലും ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. കെ.എൽ. രാഹുലും കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ടോപ് ഓഡറിൽ എല്ലാവരും ഫോമിലാണെന്ന സന്ദേശമാണ് കിട്ടുന്നത്.

നിർണായക സെമിയിൽ രണ്ട് റിസ്റ്റ് സ്പിന്നർമാരെയും ഇന്ത്യ കളിപ്പിച്ചേക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. കുൽദീപും ചഹലും കളിക്കുമോ അതോ രവീന്ദ്ര ജഡേജ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ ഇന്ന് രാവിലെയേ തീരുമാനമാകൂ. കേദാർ ജാദവിനെക്കൊണ്ട് വന്ന് ബാറ്റിംഗ് നിരയുടെ ആഴം കൂട്ടാനും സാധ്യതയുണ്ട്.
സാധ്യതാ ടീം: രാഹുൽ, രോഹിത്, കൊഹ്‌ലി, പന്ത്, ധോണി, കാർത്തിക്/കേദാർ, പാണ്ഡ്യ,ഭുവനേശ്വർ, ജഡേജ/കുൽദീപ്, ചഹാൽ/ഷമി, ബുംറ.

കൊത്തിപ്പറിക്കാൻ കിവി

കറുത്ത കുതിരകൾ എന്ന വിശേഷണം ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചേരുന്ന ടീമാണ് ന്യൂസിലൻഡ്. കഴിഞ്ഞ തവണ ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റതിന്റെ സങ്കടം ഇത്തവണ കപ്പ് നേടി സന്തോഷമാക്കാനാണ് വില്യംസണും കൂട്ടരും ശ്രമിക്കുന്നത്.

ഇത്തവണ നന്നായി തുടങ്ങിയ അവർ ഗ്രൂപ്പ് ഘട്ടത്തിൽ ചില മത്സരങ്ങളിൽ നിറം മങ്ങിയെങ്കിലും ഏത് പ്രതികൂല സാഹചര്യത്തിൽ നിന്നും എപ്പോൾ വേണമെങ്കിലും തരിച്ചുവരാൻ കഴിവുള്ളവരുടെ സംഘമാണ് തങ്ങളെന്ന് പലതവണ അവർ തെളിയിച്ചിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനായ ലോക്കി ഫെർഗൂസൻ ഇന്ന് കളിക്കുമെന്നത് ന്യൂസിലൻഡിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. തന്റെ വേഗമേറിയ ബാളുകൾകൊണ്ട് ഏത് എതിരാളിയുടെയും നടുവൊടിക്കാൻ കെല്പുള്ള താരമാണ് ഫെർഗൂസൻ. ഈലോകകപ്പിൽ മിഡിൽ ഓവറുകളിൽ ഏറ്രവും വിനാശകാരായായ ബൗളാറാണ് ഫെർഗൂസൻ. ഫെർഗൂസൻ ടീമിലെത്തുമ്പോൾ ടീം സൗത്തി പുറത്തിരിക്കേണ്ടിവരും.

സാധ്യതാടീം: ഗപ്ടിൽ, നിക്കോളാസ്, വില്യംസൺ, ടെയ്ലർ, ലതാം, നീഷം, ഗ്രാൻഡ്ഹോമെ, സാന്റ്നർ, ഹെൻറി, ഫെർഗൂസൻ,ബൗൾട്ട്.

പിച്ച് റിപ്പോർട്ട്

ബാറ്രിംഗിന് അനുകൂലമായ പിച്ചാണ് മാഞ്ചസ്റ്ററിലേത്. ടോസ് കിട്ടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. ഇവിടെ അവസാനം നടന്ന അഞ്ച് ഏകദിനങ്ങളിലും ആദ്യം ബാറ്ര് ചെയ്ത ടീമാണ് ജയിച്ചത്.

ഓർമ്മിക്കാൻ

ഒരു ലോകകപ്പിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കാഡ് മറികടക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി 26 റൺസ് കൂടി മതി.

350-ാം ഏകദിനത്തിനാണ് ധോണി ഇന്നിറങ്ങുന്നത്.

50 അർദ്ധ സെഞ്ച്വറികൾ ഏകദിനത്തിൽ സ്വന്തമാക്കാൻ ടെയ്‌ലർക്ക് ഇനി ഒരെണ്ണത്തിന്റെ കുറവേയുള്ളൂ.

സമ്മർദ്ദമൊന്നുമില്ലാതെ ഏറെ പ്രതീക്ഷയോടെയാണ് സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്. ടീം സെറ്റാണ്. രോഹിത് ശർമ്മയുടെ സ്ഥിരത ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. എനിക്കുൾപ്പെടെ ലോകകപ്പിൽ എല്ലാവർക്കും വ്യത്യസ്ത റോളാണ് ടീം മീറ്റിംഗിൽ തീരുമാനിച്ചിട്ടുള്ളത്. എല്ലാവർക്കും അവരവരുടെ റോളുകളെക്കുറിച്ച് കൃത്യമായി അറിയാം. ബുംറ ഉൾപ്പെടെയുള്ള ബൗളിംഗ് ഡിപ്പാർട്ട്മെന്റും ഫുൾസ്വിംഗിലാണ്. 2008ലെ അണ്ടർ 19 ലോകകപ്പിൽ സെമി ഫൈനലിൽ ഞാൻ വില്യംസണെ പുറത്താക്കിയ കാര്യം അദ്ദേഹത്തെ ഓർമ്മിപ്പിക്കും. അതിനാൽ എപ്പോൾ വേണമെങ്കിലും ഞാൻ ബൗൾ ചെയ്തേക്കും എന്നും പറയും.

വിരാട് കൊഹ്‌ലി

ഇന്ത്യയ്ക്കെതിരെ പലതവണ കളിച്ചതിന്റെ പരിചയമുണ്ട്. ഈ ലോകകപ്പിൽ ഒരു ടീമും ഒരു മത്സരം പോലും തോക്കാതിരുന്നിട്ടില്ല. അതിനാൽ തന്നെ ഇന്ന് ആർക്കും മുൻതൂക്കമില്ല. ഞങ്ങൾക്കും മികച്ച സാധ്യതകളാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന ഘട്ടത്തിൽ പിണഞ്ഞ തോൽവികൾ ഞങ്ങൾ കാര്യമാക്കുന്നില്ല.

കേൻ വില്യംസൺ