sukumar

കൊച്ചി : തലസ്ഥാനം വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയ കാർട്ടൂണിസ്റ്റ് സുകുമാർ ആദ്യം വരച്ചത് പാലാരിവട്ടം ഫ്ളൈ ഓവറിലെ പാലംവലി. പിറന്നാൾ ദിനത്തിൽ കേക്കും പൊന്നാടയുമായി കാർട്ടൂണിസ്റ്റുകൾ വന്നപ്പോഴാണ് തകർന്ന പാലാരിവട്ടം ഫ്ളൈ ഓവർ അദ്ദേഹം വരച്ചത്.

"പാലം വലിക്കുന്നതിൽ മലയാളികൾ മുന്നിലാണ്. വട്ടത്തിലാക്കാനും പലർക്കും മിടുക്കുണ്ട്. പാലാരിവട്ടത്തിൽ ഇതു രണ്ടുമുണ്ട്..'' ചിരി പടരുന്നതിനിടെ അദ്ദേഹം ഫ്ളൈഓവർ വരച്ചുകാട്ടി.
സുകുമാറിന്റെ എൺപത്തെട്ടാം പിറന്നാളായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു നിന്ന് വരാപ്പുഴയിലെ വീട്ടിലേക്ക് താമസം മാറ്റിയത്. ഭാര്യ സാവിത്രിയുടെ അനാരോഗ്യത്തെ തുടർന്നാണ് മകൾ സുമംഗലയുടെ വീട്ടിലേക്കുള്ള മാറ്റം. കേരള കാർട്ടൂൺ അക്കാഡമിയാണ് പിറന്നാൾ ആഘോഷം ഒരുക്കിയത്.
''ജീവിതത്തിൽ പൂർണ തൃപ്തിയാണ്. കഴിഞ്ഞ കാലമെല്ലാം തലസ്ഥാനത്തായിരുന്നു. നിന്നാൽ കാലുവാരുന്ന സ്ഥലമാണ് തിരുവനന്തപുരമെന്നാണ് പലരും പറയുന്നത്. അതുകൊണ്ടാണ് സാക്ഷാൽ ശ്രീപദ്മനാഭൻ തന്നെ കിടക്കാമെന്ന് കരുതിയതെന്നും പറയാറുണ്ട്.'' അദ്ദേഹം പറഞ്ഞു. എന്താണ് ആരോഗ്യരഹസ്യമെന്ന് പലരും ചോദിക്കും. നല്ലനടപ്പെന്നാണ് മറുപടി നൽകാറുള്ളത്.
കാർട്ടൂൺ അക്കാഡമി നിർവാഹക സമിതി അംഗം എ. സതീഷിന്റെ വസതിയിലായിരുന്നു പരിപാടി. കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി തോമസ് ആന്റണി, വൈസ് ചെയർമാൻ കാർത്തിക കറ്റാനം, ജോയിന്റ് സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.