yeddiyurappa

ബെംഗളൂരു: കർണാടകയിലെ സഖ്യ സർക്കാരിന് ഭീഷണി ഉയർത്തി രണ്ടുനിയമസഭാംഗങ്ങൾ കൂടി ബി.ജെ.പിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ് എം.എൽ.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ട് ബി.ജെ.പിയിൽ ചേർന്നു കൂടാ എന്ന് അദ്ദേഹം ചോദിച്ചതായാണ് റിപ്പോർട്ട്. . ബിജെപി താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസിൽ നിന്ന് സ്വീകാര്യത ലഭിച്ചില്ലെന്നും ആരോപിച്ചാണ് റോഷൻ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. മന്ത്രിയും സ്വതന്ത്ര എം.എൽ.എയുമായ ആർ. ശങ്കറും കർണാടക മന്ത്രിസഭയിൽനിന്നു രാജിവച്ചു. ബി.ജെ.പിയെ പിന്തുണയ്ക്കാനാണു തീരുമാനമെന്നും ശങ്കർ അറിയിച്ചു.

ആർ. ശങ്കർ കർണാടക ഗവർണർ വാജുഭായ് വാലയെ കണ്ട് രാജി തീരുമാനം അറിയിച്ചതായി ഗവർണറുടെ ഓഫിസും വ്യക്തമാക്കി. രാനെബന്നൂരിൽ നിന്നുള്ള നിയമസഭാംഗമായ ശങ്കർ എച്ച്.ഡി.കുമാരസ്വാമി സർക്കാരിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പു മന്ത്രിയായിരുന്നു. രാജിവച്ചശേഷം അദ്ദേഹം മുംബൈയിലേക്കു പോയി. സ്വതന്ത്ര എം.എൽ.എയും മന്ത്രിയുമായ എച്ച്. നാഗേഷിന്റെ രാജിക്കുതൊട്ടുപിന്നാലെയായിരുന്നു ശങ്കറിന്റെയും രാജി പ്രഖ്യാപനം. സർക്കാരിനെ നിലനിറുത്താൻ അനുനയശ്രമങ്ങളുമായി കോൺഗ്രസും ജെ.ഡി.എസും മുന്നോട്ടുപോകുന്നതിനിടെയാണ് രണ്ടുപേർ കൂടി രാജിവച്ചത്.

അതേസമയം കർണാടകയിൽ തങ്ങൾക്കാണ് ഭൂരിപക്ഷമുള്ളതെന്ന് ബി.എസ്.യെദ്യൂരപ്പ അവകാശപ്പെട്ടു. “സർക്കാർ തുടരുമെന്നാണ് കുമാരസ്വാമി അവകാശപ്പെടുന്നത്. എന്നാൽ രണ്ട് സ്വതന്ത്ര എം.എൽ.എമാര്‍ ഗവർണറെകണ്ട് രാജിക്കത്ത് നല്‍കിയിരുന്നു. അവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കും. അപ്പോൾ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവർ 107 ആകും. അപ്പോൾ കോൺഗ്രസ്-ജെ,​ഡി,​എസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ഇതിനിടെ മുംബയിലെ ഹോട്ടലിൽനിന്ന് വിമത കോൺഗ്രസ്–ജെ.ഡി.എസ് എം.എൽ.എമാരെ ഗോവയിലേക്കു കൊണ്ടുപോകാൻ നീക്കം നടക്കുന്നതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.