shireen

ക്രൂരപീഡനത്തിന്റെയും മാനസിക വ്യഥകളുടെയും അതിന്റെയൊപ്പം ഗംഭീര അതിജീവനത്തിന്റെയും കഥയാണ് മുംബയ് മഹാനഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന ഷിറീൻ എന്ന യുവതിക്ക് പറയാനുള്ളത്. സ്ത്രീയെന്നാൽ ദുർബലയല്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി മുന്നോട്ട് സധൈര്യം കുതിക്കാൻ അവൾക്ക് മനോബലം മാത്രം മതി എന്ന് ഷിറീന്റെ കഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. തന്റെ പതിനൊന്നാം വയസിൽ തുടങ്ങിയതാണ് പ്രതികൂല ജീവിത സാഹചര്യങ്ങളോടുള്ള ഷിറീന്റെ പോരാട്ടം. ഷിറീൻറെ കഥ അവരുടെ തന്നെ വാക്കുകളിലൂടെ.

'യാഥാസ്ഥിതികവും ദരിദ്രവുമായ ഒരു മുസ്ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എനിക്ക് 11 വയസ്സായപ്പോഴേക്കും എന്റെ അച്ഛനമ്മമാർ പരസ്പരം പോരടിക്കാൻ ആരംഭിച്ചു. ഇവരുടെ വഴക്കുകൂടൽ എന്നെ പതുക്കെ ദോഷകരമായി ബാധിക്കാൻ തുടങ്ങി. അധികം താമസിയാതെ എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു. എന്നാൽ എന്റെ അമ്മ വീണ്ടും വിവാഹം കഴിക്കാൻ തുടങ്ങിയപ്പോൾ അതൊരു വൻ സംഭവമായാണ് ആൾക്കാർക്ക് തോന്നിയത്. പക്ഷെ എന്റെ അമ്മ ഒരു ഭീരുവായിരുന്നില്ല. തനിക്ക് വേണമെന്ന് തോന്നുന്ന കാര്യങ്ങൾ നേടിയെടുക്കാനുള്ള തന്റേടം അവർക്കുണ്ടായിരുന്നു. അമ്മയുടെ കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞാണ് ഒരു സംഭവം ഉണ്ടായത്. എന്റെ സഹോദരനുമായി പുറത്ത് പോയ എന്റെ അമ്മയെ എന്റെ സമുദായത്തിൽ നിന്നുതന്നെയുള്ള ഏതാനും പുരുഷന്മാർ വളഞ്ഞു. രണ്ടാം വിവാഹം കഴിച്ചതിനെ ചൊല്ലി അവർ അമ്മയെ ചോദ്യം ചെയ്യുകയും എല്ലാവരുടേയും മുൻപിൽ വച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു.

shireen2
ഷിറീനും അമ്മയും സഹോദരിയും

എന്റെ സഹോദരനോട് പോലും അവർ നീചമായി പെരുമാറുന്നത് കണ്ടപ്പോഴാണ് അവർ തകർന്നുപോയത്. അന്ന് രാത്രി എന്റെ അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. അമ്മയെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായത്ര വേദനയൊന്നും പിന്നീട് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നാലും ഞങ്ങൾ പിടിച്ച് നിന്നു. ഏതാനും വർഷങ്ങൾക്കകം ഞങ്ങളുടെ രണ്ടാനച്ഛൻ എന്നെയും എന്റെ സഹോദരിയേയും വിവാഹം കഴിപ്പിച്ചയച്ചു. എന്നാൽ സ്ത്രീധനത്തിനായി എന്റെ സഹോദരിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവും അയാളുടെ വീട്ടുകാരും ഒടുവിൽ ഗർഭിണിയായ അവളെ വിഷം കൊടുത്ത് കൊന്നു. ഞാൻ കൊടിയ വിഷമത്തിലാണ്ടു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച രണ്ടുപേരാണ് എന്നെ വിട്ടു പോയത്. എന്റെ ജീവിതത്തിൽ ഇരുട്ട് വന്നു നിറയുന്നത് പോലെയാണ് അപ്പോൾ എനിക്ക് തോന്നിയത്. പക്ഷെ ഞാൻ ഗർഭിണിയായി എന്റെ മകനെ പ്രസവിച്ച ശേഷം മുൻപോട്ട് പോകുകയല്ലാതെ മറ്റൊരു വഴിയുമിലായിരുന്നു. അവനുവേണ്ടി ഞാൻ ജീവിക്കാൻ തുടങ്ങി. ക്രമേണ എന്റെ ഭർത്താവിനും എനിക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു.

എന്റെ മൂന്നാമത്തെ കുട്ടി ജനിച്ച ശേഷം കിടപ്പറയിലെ ആവശ്യത്തിന് വേണ്ടി മാത്രമേ അയാൾ എന്നെ സമീപിച്ചിട്ടുള്ളൂ. ഞങ്ങൾക്ക് ചിലവിന് തരുന്നതും അയാൾ അവസാനിപ്പിച്ചു. അതിന് ശേഷമാണ് അയാൾ എന്നെ മൊഴി ചൊല്ലിയത്. എനിക്ക് എന്റെ മൂന്ന് കുട്ടികളെയും വിളിച്ചുകൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. എന്റെ മക്കളെ പോറ്റാനായി ഞാൻ ഒരു ബിരിയാണിക്കട തുടങ്ങി. എന്നാൽ അധികം താമസിയാതെ ബി.എം.സി(ബ്രിഹൺ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ) അത് പൊളിച്ചുനീക്കി. ഞാൻ അടുത്ത വഴി തേടി തുടങ്ങി. എന്റെ ഭർത്താവ് ഒരു ഓട്ടോറിക്ഷക്കാരനായിരുന്നു. അതുകൊണ്ട് ആ വഴിക്ക് നീങ്ങാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അവിടെയും എനിക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. ഒരു സ്ത്രീയായിരുന്ന എന്നെ, കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഒരുപാട് ഉപദ്രവിച്ചു. എന്റെ ഓട്ടോയിൽ മനഃപൂർവം അവരുടെ ഓട്ടോ കൊണ്ടുവന്ന് ഇടിക്കുകയും മറ്റും ചെയ്തു. പക്ഷെ ഞാൻ തളർന്നില്ല. പിന്നെ ഞാൻ അതോർത്ത് വിഷമിക്കാതിരിക്കാൻ പഠിച്ചു. അതിന് ശേഷമാണ് എനിക്ക് ഇഷ്ടം പോലെ ഒാട്ടം ലഭിച്ചു തുടങ്ങിയത്.

shireen3

എന്റെ വണ്ടിയിൽ കയറുന്നവർ എന്നെ അഭിനന്ദിച്ച് കൈയടിക്കുകയും, എനിക്ക് നല്ല ടിപ്പ് നൽകുകയും, എന്റെ സ്നേഹത്തോടെ ആശ്ലേഷിക്കുക പോലും ചെയ്തു. ഒരിക്കൽ എന്റെ ഓട്ടോയിൽ കയറിയ ഒരാൾ ഞാൻ പുരുഷനാണെന്ന് തെറ്റിദ്ധരിച്ച് എന്നെ 'ഭായ്' എന്നാണ് വിളിച്ചത്. സത്യം മനസിലാക്കിയ ശേഷം അയാൾ എന്നെ 'ദബാംഗ് ലേഡി' എന്നുവിളിച്ചു. എനിക്ക് എന്നെപോലെയുള്ള സ്ത്രീകളോട് പറയാനുള്ളതും അതാണ്.'ദബാംഗ് ലേഡി' ആകുക. സ്ത്രീകൾക്ക് ചെയ്യാനാകാത്തതായി ഒന്നുമില്ല. ആരുടേയും നിയമങ്ങൾ അനുസരിക്കേണ്ട കാര്യം അവർക്കില്ല. ഞാനും എന്റെ സഹോദരിയും അമ്മയും കഷ്ടപെട്ടത് പോലെ ആരും കഷ്ടപ്പെടാൻ പാടില്ല. അതുകൊണ്ട് ഒരോ ആളും എന്റെ വണ്ടിയിൽ കേറുമ്പോൾ, ഓരോ തവണയും എന്റെ കുട്ടികളുടെ ആഗ്രഹങ്ങൾ ഞാൻ പൂർത്തീകരിക്കുമ്പോൾ, ഓരോ തവണയും എന്നെ ആൾക്കാർ അഭിനന്ദിക്കുമ്പോൾ, ഞാൻ മനസിലാക്കുന്നു, ഞാനത് എനിക്ക് വേണ്ടി മാത്രമല്ല ചെയ്യുന്നത്. നിശബ്ദമായി കഷ്ടതകൾ സഹിക്കുന്ന ഓരോ സ്ത്രീയ്ക്ക് വേണ്ടിയുമാണ്.' ഷിറീൻ പറഞ്ഞു നിർത്തുകയല്ല. തുടങ്ങുകയാണ്.