മാഞ്ചസ്റ്റർ: ഈ ലോകകപ്പിൽ ലീഗ് മത്സരങ്ങളിൽ ഒരിക്കൽപ്പോലും ഏറ്റുമുട്ടാത്ത് രണ്ടു ടീമുകളാണ് നാളെ ആദ്യ സെമിഫൈനലിനിറങ്ങുന്നത്. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലീഗ് മത്സരം മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാതെയാമ് ഉപേക്ഷിച്ചത്. എന്നാൽ നാളെ നടക്കുന്ന സെമിഫൈനൽ മത്സരത്തിലും മഴ ഭീഷണിയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
എന്നാൽ പ്രാഥമിക റൗണ്ട് പോലെ ഇത്തവണ മത്സരം ഉപേക്ഷിക്കേണ്ടി വരില്ല. സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്ക് റിസർവ് ദിനങ്ങൾ ഐ.സി.സി ഒരുക്കിയിട്ടുണ്ട്. അതിനാൽ ചൊവ്വാഴ്ചത്തെ മത്സരം മഴ മുടക്കിയാലും ബുധനാഴ്ചയിലേക്ക് കളി മാറ്റിവയ്ക്കും. .
പക്ഷേ ഇന്ത്യ – ന്യൂസിലാൻഡ് റിസർവ് ദിനത്തിലും മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത് പക്ഷെ ഇന്ത്യക്ക് ഗുണകരമാണ്. റിസർവ് ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. പ്രാഥമിക ഘട്ടത്തിൽ ലഭിച്ച ഒന്നാം സ്ഥാനക്കാരെന്ന നേട്ടമാണ് ഇന്ത്യക്ക് ഗുണമാകുക. പ്രാഥമിക ഘട്ടത്തിൽ നേടിയ കൂടുതൽ പോയിന്റുകൾ ഇന്ത്യക്ക് തുണയാകും. മഴ പെയ്ത് തോർന്നാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം സ്കോർ പുനഃക്രമീകരിച്ച് മത്സരം തുടരും.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം നീണ്ടുനിന്ന സസ്പെൻസിന് ഒടുവിലാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡാണെന്ന് ഉറപ്പായത്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനിൽക്കുകയും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് എന്ന് ഉറപ്പായി. രണ്ടാം സെമിയിൽ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.