ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിന്നാലെ നടന്ന് കോൺഗ്രസ് പാർട്ടി ഒരു മാസം വെറുതെ പാഴാക്കിയെന്ന് കോൺഗ്രസിലെ തലമുതിർന്ന നേതാവും മുൻ ഗവർണറുമായ കരൺ സിംഗ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജിതമായിരിക്കുന്ന സമയത്താണ് പ്രസ്താവനയുമായി കരൺ സിംഗ് രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിന് അടിയന്തിരമായി ഒരു ഇടക്കാല അദ്ധ്യക്ഷനെ കോൺഗ്രസ് കണ്ടെത്തണമെന്നും കരൺ സിംഗ് കോൺഗ്രസിനെ ഉപദേശിച്ചു.
അദ്ധ്യക്ഷനെ കൂടാതെ നാല് ജനറൽ സെക്രട്ടറിമാരെയോ, ഒരു ഉപാദ്ധ്യക്ഷനെയോ കോൺഗ്രസ് നിയമിക്കണമെന്ന് അഭിപ്രായപ്പെട്ട കരൺ സിംഗ് മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേരണമെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു. ചെറുപ്പക്കാരെയാണ് അധികാര കേന്ദ്രങ്ങളിൽ കൊണ്ട് വരേണ്ടതെന്നും ഇന്ത്യയുടെ പല ഭാഗത്ത് നിന്നും ഉള്ളവർ വർക്കിങ് പ്രസിഡന്റുമാരായി എത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ എന്തുകൊണ്ടാണ് കാലതാമസം വരുന്നതെന്നും സിംഗ് വിമർശിച്ചു. ബുദ്ധിയും നിരീക്ഷണ പാടവവുമുള്ള രാഹുൽ ഗാന്ധിയുടെ പിന്നാലെ നടന്നു കോൺഗ്രസ് സമയം പാഴാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ ആശയകുഴപ്പത്തിലാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസിനെ അടിയന്തിരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും കരൺ സിംഗ് അഭിപ്രായപ്പെട്ടു.