history

ചരിത്ര കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിക്കുന്ന 'ദി കോർട്ടെസാൻ, ദി മഹാത്മ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൺ,​ : ടെയിൽസ് ഫ്രം ഇന്ത്യൻ ഹിസ്റ്ററി' എന്ന പുസ്തകം എത്തുന്നു. തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന 'ദി ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രാവൻകൂർ', 'റിബൽ സുൽത്താൻസ് : ദി ഡെക്കാൻ ഫ്രം ഖിൽജി ടു ശിവാജി' എന്നീ പുസ്തകങ്ങൾക്ക് ശേഷം മനു എസ് .പിള്ളയുടേതായി പുറത്തുവരുന്ന പുസ്തകമാണിത്. ഇന്ത്യൻ ചരിത്രത്തിലെ കഥകളാണ് മനു ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺടെക്സറ്റാണ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ഒരു മറാത്ത രാജാവിൽ നിന്നും ഹിന്ദു ക്ഷേത്രത്തിലെ മുസ്ലിം ഉപാസനാമൂർത്തിയിലേക്കും കൊട്ടാരദാസിയിൽ നിന്ന് യോദ്ധാവായ രാജകുമാരിയിലേക്കും സംസ്‌കൃതത്തെ ദിവ്യമായി ആരാധിക്കുന്ന ഒരു ഇംഗ്ലീഷുകാരനിൽ നിന്നും വിക്ടോറിയ മഹാറാണിയിലേക്കും ഉള്ള പരവിർത്തനങ്ങൾ ഗ്രന്ഥകാരൻ പുസ്തകത്തിൽ വരച്ചുകാട്ടുന്നു ഈ ലേഖനങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള വാതിലുകൾ തുറന്നിടുന്നു. വില്യം ജോൺസ് ശകുന്തളയെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ കഥാപാത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതായും പുസ്തകത്തിൽ സൂചനയുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പുസ്തകം പറയുന്നു.

നാടകീയതയും സംഘർഷങ്ങളും നിറഞ്ഞ അനുഭവങ്ങളുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും കഥകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്, ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം, ഇന്ത്യയിലെ സ്മാരകങ്ങളോട് കഴ്‌സൺ പ്രഭുവിന്റെ സ്‌നേഹം, ജയ്പൂർ മഹാരാജാവായിരുന്ന ഫോട്ടോഗ്രാഫർ തുടങ്ങിയ പല പല കഥകളാണ് ഇതിൽ നിറയുന്നത്