തിരുവനന്തപുരം : നഗരത്തിലെ അശാസ്ത്രീയമായ പാർക്കിംഗ് ക്രമീകരിക്കുന്നതിനായി നഗരസഭയുടെ മേൽനോട്ടത്തിൽ നഗരത്തിലെ റോഡുകളിൽ ആരംഭിച്ച പേ ആൻഡ് പാർക്കിംഗ് സംവിധാനം തുടരണമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എതിരാണെങ്കിൽ പദ്ധതി അവസാനിപ്പിക്കും. ഇതോടെ പാർക്കിംഗ് ഫീസ് പിരിക്കാനായി വിവിധയിടങ്ങളിൽ നിയോഗിച്ചിട്ടുള്ള 168 പേരുടെ ജോലി നഷ്ടമാകും.
സ്ത്രീകളാണ് ട്രാഫിക് വാർഡൻമാരിൽ ഭൂരിഭാഗവും. വിധവകളും വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും ഉൾപ്പെടെ ഏക ആശ്രയമാണ് ഈ ജോലി. നെടുമങ്ങാട് നഗരസഭയിലെ മുൻകൗൺസിലർ മായ ഉൾപ്പെടെ ഈ ജോലിചെയ്താണ് കുടുംബം പോറ്റുന്നത്. ടൂവീലറുകൾക്ക് രണ്ടു രൂപയും ഫോർവീലറുകൾക്ക് അഞ്ചു രൂപയുമാണ് ഒരു മണിക്കൂറിന് പാർക്കിംഗ് ഫീസായി ഈടാക്കുന്നത്. നഗരസഭകൾക്കാണ് ഇവരുടെ ചുമതല.
മൂന്നു മാസം മുൻപു വരെ നാനൂറു രൂപയായിരുന്നു ഇവരുടെ വേതനം. ഇപ്പോൾ അത് അഞ്ഞൂറാക്കി ഉയർത്തി. പിരിക്കുന്ന ഫീസിൽ നിന്നാണ് ഇവർക്കുള്ള ശമ്പളം നൽകുന്നത്. പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് പുറമേ. പ്രായമായവർക്കും കുട്ടികൾക്കും റോഡിൽ സഹായ ഹസ്തം കൂടിയാണ് ഇവർ.മന്ത്രിയുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് അത് അനുസരിച്ച് മുന്നോട്ടു പോകും. പേ ആൻഡ് പാർക്ക് സംവിധാനം വരുന്നതിന് മുമ്പും ശേഷവുമുള്ള നഗരത്തിന്റെ അവസ്ഥയിൽ വലിയമാറ്റമുണ്ട്. പൊതുജനങ്ങൾക്ക് പദ്ധതിയോട് എതിർപ്പില്ല. തുടരണമെന്നാണ് ഭരണസമിതിയുടെ ആഗ്രഹം.
വി.കെ. പ്രശാന്ത് - മേയർ
പ്രശ്നം ഇങ്ങനെ
l പി.ഡബ്ളിയു.ഡി റോഡിൽ നഗരസഭയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കാൻ അധികാരമില്ലെന്ന മന്ത്രി ജി. സുധാകരന്റെ പരാമർശം
l പിന്നാലെ വിഷയം ബി.ജെ.പി ഏറ്റെടുത്തു
l പേ ആൻഡ് പാർക്ക് സംവിധാനം അവസാനിപ്പിക്കണമെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം ചേരണമെന്നും ആവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകി
l ഇതോടെ ഇന്ന് ചേരുന്ന കൗൺസിലിൽ വിഷയം ഉൾപ്പെടുത്തി
l യു.ഡി.എഫും ബി.ജെ.പിക്ക് ഒപ്പം ചേർന്ന് എതിർത്താൽ മറ്റു പോംവഴിയില്ലാത്തിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഭരണപക്ഷം
l പേ ആൻഡ് പാർക്കിംഗ് സംവിധാനം അവസാനിപ്പിച്ചാൽ ഇവരെ പിരിച്ചുവിടുകയല്ലാതെ മറ്റ് വഴികളില്ല
മന്ത്രിയുടെ എതിർപ്പ്
നഗരത്തിൽ വ്യാപകമായി ഇത്തരത്തിലുള്ള പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തരുതെന്നാണ് മന്ത്രി ജി. സുധാകരന്റെ നിലപാട്. സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കോളേജ് തുടങ്ങിയ പരിസരങ്ങളെ ഒഴിവാക്കണം. പി.ഡബ്ളിയു.ഡി റോഡുകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുക്കണം എന്നീ നിർദ്ദേശങ്ങളാണ് മന്ത്രി നഗരസഭയ്ക്ക് മുന്നിൽ വച്ചത്.
പാർക്കിംഗ് സംവിധാനത്തെ എതിർത്തുകൊണ്ടുള്ള മന്ത്രിയുടെ പരാമർശം വന്നതിന് പിന്നാലെ മേയർ വി.കെ. പ്രശാന്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കളക്ടർ തുടങ്ങി, മേയർ തുടർന്നു
കഴിഞ്ഞ കൗൺസിലിന്റെ കാലാവധി അവസാനിക്കുകയും പുതിയ ഭരണസമിതി ചുമതല ഏൽക്കുന്നതിനും മുമ്പ് മേയറുടെ ചുമതല അന്നത്തെ കളക്ടർ ബിജു പ്രഭാകറിന് ആയിരുന്നു. നഗരത്തിലെ അശാസ്ത്രീയ പാർക്കിംഗ് അവസാനിപ്പിക്കാൻ 2015 നവംബർ രണ്ടിനാണ് വാർഡൻമാരുടെ സേവനം പ്രയോജനപ്പെടുത്താൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചത്.
കളക്ടർ, മേയർ, നഗരസഭാ സെക്രട്ടറി, നോർത്ത് - സൗത്ത് ട്രാഫിക് എ.സിമാർ, സിറ്റി പൊലീസ് കമ്മിഷണർ, ട്രിഡ, റോഡ് ഫണ്ട് ബോർഡ് അംഗങ്ങൾ, ട്രാഫിക് സി.ഐ എന്നിവർ അടങ്ങിയ അഡ്വൈസറി കമ്മിറ്റിയാണ് തീരുമാനമെടുത്തത്. തുടർന്ന് വന്ന വി.കെ. പ്രശാന്ത് അദ്ധ്യക്ഷനായ കമ്മിറ്റി പദ്ധതി തുടരാനും വ്യാപിപ്പിക്കാനും തീരുമാനിച്ചു. കിഴക്കേകോട്ട, കരമന, കേശവദാസപുരം എന്നിവിടങ്ങളും പേ ആൻഡ് പാർക്കിംഗ് നടപ്പാക്കി. നഗരത്തിൽ തിരക്കേറിയ തമ്പാനൂർ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഉൾപ്പെടെ വ്യാപിപ്പിച്ച് 50 ഓളം പേർക്ക് കൂടി തൊഴിൽ ലഭ്യമാക്കാൻ പദ്ധതി ആവിഷ്കരിക്കുന്നതിനിടെയാണ് ഇരുട്ടടിപോലെ പ്രതിസന്ധിയുണ്ടായത്.