തിരുവനന്തപുരം: നഗരത്തിന്റെ 'മാലിന്യവാഹിനിപ്പുഴയെന്ന് ' അറിയപ്പെടുന്ന ആമയിഴഞ്ചാൻ തോട് മുഖംമിനുക്കാൻ പോകുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
അടുത്തിടെ തോട് പുനർജനിക്കുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും വന്നിരുന്നു. ഒരുവശത്ത് ചില ശുചീകരണ പ്രവർത്തനങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും പുഴയിലേക്ക് മാലിന്യം തള്ളുന്നത് പൂർണമായി തടയാൻ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വൃത്തിയാക്കും തോറും മാലിന്യം അടിഞ്ഞുകൂടുകയാണ് ഇവിടെ. കൊതുക് ശല്യവും മാലിന്യവും കൊണ്ട് തോടിന് ഇരുവശവും താമസിക്കുന്നവർ പൊറുതിമുട്ടുകയാണ്.
രൂക്ഷമായ ദുർഗന്ധം സഹിക്കാൻ പറ്റാതായതോടെയാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള തോടിന്റെ ശുചീകരണത്തിൽ നഗരസഭ മുൻകൈയെടുക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാർ മേയർക്ക് 2018 ഏപ്രിലിൽ പരാതി നൽകിയത്. ജനുവരിയിൽ മുസ്ലിംപള്ളി റോഡിന് സമീപത്ത് നിന്ന് ശുചീകരണം തുടങ്ങി.
ആദ്യം തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. ഇതുവരെ 200 ലോഡ് മാലിന്യങ്ങളാണ് ഇങ്ങനെ നീക്കം ചെയ്തത്. എന്നാൽ വീണ്ടും ഇവിടേക്ക് മാലിന്യം വന്നടിയുകയാണ്. മാലിന്യം പൂർണമായും നീക്കം ചെയ്താൽ മാത്രമേ പാർശ്വഭിത്തി കെട്ടി തോടിനെ സംരക്ഷിക്കാനാവൂയെന്ന് അധികൃതർ പറയുന്നു.
കിള്ളിയാർ ശുചീകരണം നല്ല മാതൃക
കിള്ളിയാർ ഉത്ഭവം
പനവൂർ കരിഞ്ചാത്തിമൂലയിൽ നിന്ന് ഉത്ഭവിച്ച് നഗരത്തിലൂടെ ഒഴുകി തിരുവല്ലത്ത് വച്ച് കരമനയാറുമായി കൂടിച്ചേരുന്നു.
നീളം :35 കീ. മീ.
ശുചീകരണത്തിനാകെ ചെലവ് 15 ലക്ഷം
ഒരു കാലത്ത് മാലിന്യം കുന്നുകൂടിക്കിടന്ന കിള്ളിയാർ ഇപ്പോൾ മുഖം മിനുക്കി സുന്ദരിയായി ഒഴുകുകയാണ്. മനസുവച്ചാൽ കിള്ളിയാറിനെ പോലെ ആമയിഴഞ്ചാൻ തോടിനെയും സംരക്ഷിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു. കിള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാൻ 2017ൽ നഗരസഭയുടെ പങ്കാളിത്തത്തോടെ സർക്കാർ കിള്ളിയാർ മിഷന് രൂപം നൽകുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ജനങ്ങളിൽ ബോധവത്കരണം നടത്തി. പിന്നീട് ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു.
കൈയേറ്റങ്ങളായിരുന്നു കിള്ളിയാറിലെ പ്രധാന പ്രശ്നം. ഒഴുക്ക് തടയുന്ന വിധത്തിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. മലിനജലം ഒഴുക്കി വിടുന്നത് കർശനമായി തടഞ്ഞു.
മഹാശുചീകരണമായിരുന്നു അടുത്തഘട്ടം. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കം മുന്നോട്ടുവന്നു. ഇപ്പോൾ കിള്ളിയാറിന്റെ കടവുകൾ നവീകരിക്കുന്ന മൂന്നാംഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇനി ശേഷിക്കുന്ന ചില ഭാഗങ്ങളിലെ കൈയേറ്റങ്ങൾ കൂടി ഒഴിപ്പിക്കാനുമുണ്ട്.
അതേമയം മുമ്പ് നഗരസഭ തന്നെ പൊളിച്ചുമാറ്റിയ പല കെട്ടിടങ്ങളും വീണ്ടും ഉയർന്നതായി നാട്ടുകാർ പറയുന്നു.
കാമറ വച്ചു, പിന്നെ കണ്ണടച്ചു
തോട്ടിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും നഗരസഭാ അധികൃതർ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ലക്ഷങ്ങൾ മുടക്കി അഞ്ഞൂറ് സി.സി ടിവി കാമറകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കാമറകൾ തകരാറിലായി. കാമറയുടെ സഹായത്താൽ ഒരാളെപ്പോലും മാലിന്യം തള്ളിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. തുടർന്ന് മേയറുടെ നേതൃത്വത്തിൽ 'ഈഗിൾ ഐ' സ്ക്വാഡ് രൂപീകരിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുത്ത് 6 മാസം വരെ ജയിലിൽ അടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നിട്ടും മാലിന്യം നിക്ഷേപിക്കൽ തുടർന്നു.
പഴവങ്ങാടിയിൽ നിന്ന് തകരപ്പറമ്പ് വഴി ഉപ്പിടാംമൂട് ഭാഗത്തേക്ക് ഒഴുകുന്ന തോട്ടിൽ ടൺ കണക്കിന് മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്.
മാലിന്യം സ്ഥിരമായി തള്ളുന്ന ഭാഗങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കലായിരുന്നു അടുത്തഘട്ടം. എന്നാൽ നിറഞ്ഞുകവിഞ്ഞ ബിന്നുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ ആരും എത്തിയില്ല. ഇതോടെ വീണ്ടും മാലിന്യ നിക്ഷേപം തോട്ടിലേക്കായി. ഇപ്പോൾ തോടിന് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഹൗസിംഗ് ബോർഡിന് സമീപവും തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപവുമൊക്കെ ഗ്രിൽ സ്ഥാപിക്കൽ ആരംഭിച്ചു കഴിഞ്ഞു. ഗ്രില്ലിൽ വന്ന് അടിയുന്ന മാലിന്യം നേരിട്ട് ശേഖരിച്ച് സംസ്കരിക്കാനാണ് അധികൃതരുടെ തീരുമാനം.
ആമയിഴഞ്ചാൻ തോടിന്റെ ഉത്ഭവം
കേരള ജലവകുപ്പിന്റെ ജല ശുദ്ധീകരണ പ്ലാന്റിലെ ഒഫ്സർവേറ്ററി ഹില്ലിൽ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്നു
നീളം 12 കിലോമീറ്റർ. ശുചീകരണത്തിനായി മാറ്റിവച്ചിരിക്കുന്നത് 50 ലക്ഷം.