തിരുവനന്തപുരം: ശീതീകരിച്ച ക്ലാസ് മുറികളൊരുക്കി കുഞ്ഞുകൈകളിൽ ടാബ്ലെറ്റുകളും കമ്പ്യൂട്ടറുകളും നൽകി വിദ്യാഭ്യാസമേഖലയെ ഹൈടെക് വത്കരിക്കാനൊരുങ്ങുന്ന അധികൃതർക്കും വിദ്യാർത്ഥികൾക്കും പ്രകൃതിയുടെ നല്ല പാഠങ്ങൾ സമ്മാനിച്ച് ഒരു റിട്ട. അദ്ധ്യാപിക. തിരുവനന്തപുരം സർക്കാർ മോഡൽ സ്കൂൾ വളപ്പിൽ എഴുപത്തഞ്ചോളം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണ് തന്റെ ഇരുപത്തിമൂന്ന് വർഷത്തെ അദ്ധ്യാപന ജീവിതം ദേവകി ടീച്ചർ അവസാനിപ്പിച്ചത്.
1996ലാണ് തിരുവല്ലക്കാരി ദേവകി ദേവി കെമിസ്ട്രി ടീച്ചറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.അച്ഛൻ കർഷകനായതിനാൽ തന്നെ പാടവും ഞാറും കൃഷിയുമൊക്കെ ടീച്ചറിന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു. അദ്ധ്യാപനം തുടങ്ങിയതോടെ തലസ്ഥാനത്തേക്ക് മാറേണ്ടി വന്നതിനാൽ സ്കൂളിലെ എക്കോ ക്ലബ് കൺവീനറായും മറ്റുമാണ് കൃഷി സ്നേഹം തുടർന്ന് പോയതെന്ന് ടീച്ചർ പറയുന്നു. ഇതിനിടെ വിരമിക്കൽ അടുത്തതോടെ താൻ പകർന്ന് നൽകിയ വിദ്യപോലെ എന്നെന്നും കുട്ടികൾക്ക് ഉപകാരപ്രദമാകും വിധം എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാമെന്ന ആശയത്തിലെത്തിയത്.
സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ്ബാബു കൂടി ഈ നല്ല ചിന്തയ്ക്ക് പച്ചക്കൊടി വീശിയതോടെ സ്കൂൾ വളപ്പ് പൂങ്കാവനമായി മാറി. ഒരു കൃഷി മാസികയിലെ ലേഖനത്തിൽ കൂടി പരിചയപ്പെട്ട പൊന്നാനി സ്വദേശിയും പൊതുപ്രവർത്തകനുമായ അനീഷ് നെല്ലിക്കലിൽ നിന്നാണ് ദേവകി ടീച്ചർ മൂന്ന് വർഷം പ്രായമുള്ള എഴുപത്തിയഞ്ച് ഫലവൃക്ഷത്തൈകൾ വാങ്ങിയത്. മാവും പ്ലാവും നെല്ലിയും പുളിഞ്ചിയുമടക്കം മുപ്പതോളം വ്യത്യസ്ത ഇനത്തിലുള്ളവ. പരിപാലിക്കാൻ ഒരുപക്ഷേ ആരുമില്ലെങ്കിലും അവ വളർന്ന് പൊങ്ങണമെന്നതിനാലാണ് പ്രായമായ തൈകൾ തിരഞ്ഞെടുക്കാൻ കാരണമെന്ന് ടീച്ചർ പറയുന്നു. പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച തൈകൾ ടീച്ചറും അദ്ധ്യാപകരും അനീഷും ചേർന്ന് ടീച്ചർ സ്കൂളിൽ നിന്ന് വിരമിച്ച മേയിൽ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. പേരയും ആനപ്പുളിഞ്ചിയുമൊക്കെ ഫലം നൽകിത്തുടങ്ങി കഴിഞ്ഞു. പല ചെടികളും പൂവിടാനുള്ള തിടുക്കത്തിലും.
കുട്ടികൾക്ക് നാളെയുടെ നല്ല പാഠങ്ങൾ പകർന്ന് നൽകി ആ ചെടികൾ ഇന്ന് സർക്കാർ സ്കൂളിലെ വളപ്പിൽ തഴച്ചുവളരുന്നുണ്ട്. കവടിയാർ പി.ടി.പി നഗറിൽ കുടജാദ്രിയിലാണ് ദേവകി താമസിക്കുന്നത്. റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ നാരായണൻ പോറ്റിയാണ് ഭർത്താവ്. ലക്ഷ്മി, അനഘ എന്നിവർ മക്കളാണ്.