കൈയിൽ ബാൻഡേജിട്ട് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ ആശങ്കയിലായി. ചൈനയിൽ ചിത്രീകരിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്.
ഷൂട്ടിംഗിനിടയ്ക്ക് പ്രിയതാരത്തിന് എന്തെങ്കിലും അപകടം പിണഞ്ഞോയെന്നായിരുന്നു ആരാധകരുടെ ആശങ്ക.
എന്നാൽ താരത്തിന് അപകടമോ പരിക്കോ ഒന്നും സംഭവിച്ചില്ലെന്നും കൈവേദന കാരണമാണ് ബാൻഡേജിട്ടതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 'സിറ്റി കൗമുദി"യോട് പറഞ്ഞു. ചൈനയിൽ ഒരു ഗാനമുൾപ്പെടെയുള്ള രംഗങ്ങളാണ് ഇട്ടിമാണിക്ക് വേണ്ടി ചിത്രീകരിച്ചത്. ചൈനയിൽ ഇന്ന് ചിത്രീകരണം പൂർത്തിയാകുന്ന ചിത്രത്തിന് എറണാകുളത്ത് രണ്ട് ദിവസത്തെ വർക്ക് കൂടിയുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഓണത്തിന് തിയേറ്ററുകളിലെത്തും.