നാണ്യവിളകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. എണ്ണക്കുരുക്കൾ, പാനീയവിളകൾ, നാരുവിളകൾ എന്നിങ്ങനെ.
എണ്ണക്കുരുക്കൾ :
നാളികേരം, നിലക്കടല, കടുക്, എള്ള്, ആവണക്ക്, എണ്ണപ്പന.
പാനീയ വിളകൾ:
കാപ്പി, തേയില, കൊക്കോ.
നാരുവിളകൾ:
ചണം, പരുത്തി
തേയില
ചായ കുടിക്കുന്നത് നമ്മുടെ ശീലമാണ്. അതിനാൽ തന്നെ തേയില നാണ്യവിളകളുടെ കൂട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. തേയിലച്ചെടിയിൽ നിന്നും മൂപ്പുകുറഞ്ഞ ഇലകൾ നുള്ളി അത് ഫാക്ടറിയിൽ പൊടിച്ചെടുത്താണ് ചായപ്പൊടിയുണ്ടാക്കുന്നത്.
ഇരുമ്പിന്റെ അംശം കൂടുതലുള്ള മണ്ണാണ് തേയില കൃഷിക്ക് അനുയോജ്യം. തണുത്ത കാലാവസ്ഥയിലാണ് തേയില വളരുക. തേയിൻ എന്ന ആൽക്കഹോളാണ് തേയിലയിൽ അടങ്ങിയിരിക്കുന്നത്
കാപ്പി
ലോകത്തിൽ ഏറ്റവുമധികം പേർ കുടിക്കുന്ന പാനീയമാണ് കാപ്പി. എത്യോപ്യയിലാണ് കാപ്പിച്ചെടിയുടെ ജനനം. ബ്രസീലിനാണ് കാപ്പി ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനം. പശിമരാശി മണ്ണാണ് കാപ്പി കൃഷിക്ക് അനുയോജ്യം. കഫീൻ എന്ന ആൽക്കലോയിഡാണ് കാപ്പിയിൽ അടങ്ങിയിരിക്കുന്നത്. 15 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള കാലാവസ്ഥയാണ് കാപ്പിക്കൃഷിക്ക് അനുയോജ്യം.
പരുത്തി
വസ്ത്രങ്ങളുണ്ടാക്കാൻ മനുഷ്യൻ ഉപയോഗിക്കുന്ന ചെടി എന്ന നിലയിൽ പരുത്തി നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നു. കറുത്ത എക്കൽ മണ്ണാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം.
ശുദ്ധമായ സെല്ലുലോസ് ആണ് പരുത്തിനാര്.
പരുത്തിക്കുരു ആട്ടി ഭക്ഷ്യയെണ്ണ എടുക്കാറുണ്ട്. പരുത്തിപ്പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.
നാളികേരം
കേരളത്തിലെ പ്രധാന നാണ്യവിള. കോഴിക്കോട് ജില്ലയിലാണ് കേരളത്തിൽ ഏറ്റവുംകൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. പനവർഗത്തിൽപ്പെടുന്ന നാളികേരം ഒരു ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ നീർവാഴ്ചയുള്ള മണ്ണിലാണിത് വളരുന്നത്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ആവശ്യമായതിനാൽ ഇതിനെ കല്പവൃക്ഷം എന്നാണ് മലയാളികൾ വിളിക്കുന്നത്.
ചണം
ഡൽറ്റാ പ്രദേശങ്ങൾ, വെള്ളപ്പൊക്ക സമതലങ്ങൾ എന്നിവിടങ്ങളിലാണിത് വളരുക. ഇന്ത്യയിൽ ചണം കൂടുതലായി കൃഷി ചെയ്യുന്നത് ബംഗാളിലാണ്. ഒറ്റത്തണ്ടായി വളരുന്ന ചത്തിന് വളക്കൂറുള്ള മണ്ണ് നിർബന്ധമാണ്. ബാഗുകൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ ചണനാര് ഉപയോഗിക്കുന്നു.