karnataka-coalition

ബംഗളൂരു: ഭരണപ്രതിസന്ധിയിലായ കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു. രാജിവെച്ച വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ശ്രമത്തിനിടെ വിമതർ ഗോവയിലേക്ക് മാറുമെന്ന് റിപ്പോർട്ട്. ശിവകുമാർ മുംബയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബയിലെ ഹോട്ടലിൽ നിന്ന് പുനെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കമെന്നാണ് സൂചന.

എട്ട് കോൺഗ്രസ് വിമത എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരുമാണ് സഖ്യ സർക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസർക്കാരിലെ മറ്റൊരു പാർട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സർക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി. വിമതരായി നിൽക്കുന്ന 13 പേരുടെ നിലപാടുകളാണ് ഇനി നിർണായകം. മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി ഒഴികെ സഖ്യസർക്കാരിലെ എല്ലാ മന്ത്രിമാരും പ്രതിസന്ധി പരിഹരിക്കാനായി രാജിവച്ചു. ചൊവ്വാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് സൂചന.

കോൺഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒൻപതും ഉൾപ്പെടെ മുപ്പതു പേരാണ് ഇന്നലെ മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും ഇന്നലെയുമായി ആകെ 16 എം.എൽ.എമാർ രാജിവച്ച കർണാടകത്തിൽ ഇന്ന് സ്പീക്കറുടെ തീരുമാനം നിർണായകമാകും. ബി.ജെ.പിക്ക് നിലവിൽ 107 അംഗങ്ങളുടെ പിൻബലമുണ്ടെന്ന് ഇന്നലെ രാത്രി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കർണാടകത്തിൽ താമര ഭരണത്തിലേക്കാണ് വഴികൾ നീളുന്നത്. ഇപ്പോഴത്തെ നിലയിൽ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ.

അതേസമയം, ശനിയാഴ്ച രാജിക്കത്തു നൽകിയ 13 എം.എൽ.എമാരും മുംബയിൽ ബാന്ദ്ര കുർള കോംപ്ളക്സിലെ സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബയിലെ കോൺഗ്രസ് പ്രവ‌ർത്തകർ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവൻ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോർട്ടിലേക്കു മാറ്റി.

അതിനിടെ, ഭരണപക്ഷത്തു നിന്ന് ഇന്നലെ മൂന്ന് എം.എൽ.എമാർ കൂടി രാജിവച്ചു. കോൺഗ്രസിലെ റോഷൻബെയ്ഗ്, സർക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രൻ എ എച്ച്. നാഗേഷ്, കെ.പി.ജെ.പി (കർണാടക പ്രജ്ഞാവന്ത് ജനതാ പാർട്ടി) അംഗം ആർ. ശങ്കർ എന്നിവരാണ് ഇന്നലെ രാജിവച്ചത്. മൂവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാഗേഷ് വൈകിട്ടുതന്നെ മുംബയ്ക്കു പോയിരുന്നു. വിമതപക്ഷം മുംബയിലെയും, ജെ.ഡി.എസിൽ ബാക്കിയുള്ളവർ ദേവനഹള്ളിയിലെയും റിസോർട്ടുകളിൽ തന്ത്രങ്ങൾ ശക്തമാക്കിയതോടെ ആറു മാസംമുമ്പ് കർണാടകത്തിൽ അരങ്ങേറിയ റിസോർട്ട് രാഷ്ട്രീയത്തിന്റെ തനിയാവർ‌ത്തനമാണ് ഇപ്പോഴത്തേത്.