red-82

ചന്ദ്രകലയും സൂസനും ചാടിയെഴുന്നേറ്റ് അകത്തേക്കു പാഞ്ഞു.

കുറച്ചു മുൻപു വരെ രാജമ്മ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നുവെന്ന് ഇരുവരും ഓർത്തു.

അവർ അകത്തെ തിണ്ണയിൽ എത്തുമ്പോൾ മുറിയിൽ നിന്ന് പ്രജീഷ് പാഞ്ഞുവരുന്നതുകണ്ടു.

''ആരാ അലറിയത്?"

പ്രജീഷ് അവരെ തുറിച്ചുനോക്കി.

''രാജമ്മയുടെ ശബ്ദം പോലെയാ തോന്നിയത്..."

പറഞ്ഞത് സൂസനാണ്.

''വരൂ..."

മൂവരും കിച്ചൺ ഭാഗത്തേക്കു കുതിച്ചു. അതിനിടെ സൂസൻ ഉച്ചത്തിൽ വിളിച്ചു.

''രാജമ്മേ..."

മറുപടിയില്ല!

അടുക്കളയിൽ ഇരുട്ടായിരുന്നു.

ചന്ദ്രകല സ്വിച്ചിട്ടു.

വെളിച്ചം പരന്നതും അവൾ ഞെട്ടി പിന്നോട്ടു മാറി.

സ്വിച്ചിനു നേരെ താഴെ ഭിത്തിയിൽ ചാരിയിരിക്കുകയാണ് രാജമ്മ.

ഒരു പ്രതിമ കണക്കെ!

''രാജമ്മേ..."

സൂസൻ വിളിച്ചു. അനക്കമില്ല.... കണ്ണുകൾ എന്തോ കണ്ട് ഭയന്നതുപോലെ തുറിച്ചിരിക്കുന്നു.

അപസ്മാരം വന്നതുപോലെ പല്ലുകൾ കോർത്തിരിക്കുന്നു.

ചന്ദ്രകല പെട്ടെന്ന് സിങ്കിലെ പൈപ്പിൽ നിന്ന് ഒരു മഗ്ഗിൽ വെള്ളമെടുത്ത് അവരുടെ മുഖത്തൊഴിച്ചു.

ആ സെക്കന്റിൽ രാജമ്മ പിടയും പോലെ ഒന്നുലഞ്ഞു.

പിന്നെ ശീഘ്രം ചാടിയെഴുന്നേറ്റ് പുറത്തേക്കോടി.

''എന്നെ കൊല്ലരുതേ..." എന്ന നിലവിളിയോടെ.

മൂന്നു പേരും പിന്നാലെ ഓടി.

മുറ്റത്തുവച്ച് പ്രജീഷ് അവരെ വട്ടം പിടിച്ചു നിർത്തി.

സൂസനും ചന്ദ്രകലയും അവരുടെ കൈകളിൽ മുറുക്കിപ്പിടിച്ചു.

കോവിലകത്തിനു മുകളിലെ എൽ.ഇ.ഡി ലൈറ്റിന്റെ വെളിച്ചം അവിടെ പകൽ പോലെ പരന്നിരുന്നു....

ആ വെളിച്ചത്തിലും ദിക്കുതെറ്റിയവളെപ്പോലെ രാജമ്മ മൂവരെയും പകച്ചുനോക്കി.

''രാജമ്മേ.. എന്താ നിനക്ക് പറ്റിയത്?"

സൂസന് ഒന്നും മനസ്സിലായില്ല....

രാജമ്മയ്ക്ക് അപ്പോഴും സംസാരിക്കുവാൻ കഴിയുന്നില്ല. ആരോ കഴുത്തിൽ കുത്തിപ്പിടിച്ചിരിക്കുന്നതു പോലെ...

''നീ വാ. ഇവിടെ വന്നിരിക്ക്."

സൂസനും ചന്ദ്രകലയും കൂടി രാജമ്മയെ വല്ലവിധേനയും ഉമ്മറത്ത് കസേരയിൽ കൊണ്ടിരുത്തി.

ക്രമേണ രാജമ്മ ശാന്തയായി.

''എന്തിനാ രാജമ്മേ നീ നിലവിളിച്ചത്?"

സൂസൻ, അവരുടെ കൈവെള്ളയിൽ പിടിച്ചു.

രാജമ്മയുടെ ചുണ്ടുകൾ മെല്ലെ ചലിച്ചു.

''ഞാൻ ചില്ലിചിക്കൻ ഉണ്ടാക്കി വച്ചിട്ട് ഒന്ന് മേലു കഴുകാൻ പോയി... തിരിച്ചുവന്നപ്പോൾ അടുക്കളയിൽ ലൈറ്റ് അണച്ചിരിക്കുന്നതു കണ്ടു. ഒപ്പം പാത്രങ്ങൾ അനങ്ങുന്നതുപോലെ ഒരു ശബ്ദവും..."

രാജമ്മ വികാരവിക്ഷോഭത്തോടെ ശ്വാസം വലിച്ചുവിട്ടു:

''അടുക്കളയിലെ സിമന്റ് ടേബിളിൽ ആരോ ഇരിപ്പുണ്ടെന്നു തോന്നി. ഞാൻ ചെന്ന് ലൈറ്റിട്ടപ്പോൾ..."

ബാക്കി പറയുവാൻ തന്നെ രാജമ്മ മടിച്ചു. ഭയത്താൽ അവരുടെ ശരീരം വിറച്ചു.

''എന്നിട്ട്? എന്താ കണ്ടത്?"

പ്രജീഷ് ഉദ്വേഗത്തോടു തിരക്കി.

''അവിടെ..." രാജമ്മ ചുറ്റുപാടും കണ്ണോടിച്ചു. ''മനുഷ്യനോ കുരങ്ങോ എന്ന് തിരിച്ചറിയാനാവാത്ത ഒരു കറുത്ത രൂപം! അതിന്റെ കണ്ണുകളിൽ തീ ആണെന്ന് തോന്നി. അത് എന്നെ നോക്കി പല്ലിളിച്ചു. അപ്പോൾ ഒരു ആൾക്കുരങ്ങ് ചിരിക്കുന്നതുപോലെ... അത് ഞാൻ ഉണ്ടാക്കിവച്ച ചിക്കൻചില്ലി ഒരു പ്ളേറ്റിൽ എടുത്തുവച്ച് കഴിക്കുകയായിരുന്നു..."

ചന്ദ്രകല അർത്ഥഗർഭമായ ഭാവത്തിൽ പ്രജീഷിനു നേർക്ക് കണ്ണയച്ചു. മുൻ അനുഭവങ്ങളുടെ കാര്യമൊന്നും പറയരുതെന്ന് അയാൾ ആംഗ്യം കാണിച്ചു.

സൂസൻ ഉള്ളിൽ തിളയ്ക്കുന്ന ഭീതി പുറത്തു കാണിച്ചില്ല:

''എന്നിട്ട് ? നീ പിന്നെ എങ്ങനെയാ അവിടെയിരുന്നത്?"

രാജമ്മ ഒന്നു തലയാട്ടി.

''എനിക്ക് എന്തെങ്കിലും ചെയ്യാനോ നിലവിളിക്കാനോ കഴിഞ്ഞില്ല. ആ രൂപം കുതിച്ചുവന്നു. എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തല പിടിച്ച് ഭിത്തിയിൽ ഇടിച്ചു. അപ്പോഴാവും ഞാൻ നിലവിളിച്ചത്. പക്ഷേ അതൊന്നും എനിക്ക് ഓർമ്മയില്ല..."

''ഒക്കെ രാജമ്മേടെ തോന്നലാ..." ചന്ദ്രകല സംഭവം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു.

കാരണം ഈ കോവിലകത്ത് പ്രേതബാധയുണ്ടെന്ന് പുറത്തറിഞ്ഞാൽ പിന്നീട് ഇതിന്റെ വിൽപ്പനയേ നടക്കില്ല...

''നീ പറഞ്ഞത് സത്യമാണെങ്കിൽ ആ രൂപം ചിക്കൻ കഴിച്ച പാത്രം അവിടെയുണ്ടാകുമല്ലോ.. നമുക്ക് പോയി നോക്കാം."

സൂസൻ ഇടപെട്ടു.

ചന്ദ്രകലയ്ക്കും പ്രജീഷിനും അത് അനുസരിക്കാതിരിക്കാനായില്ല.

നാലുപേരും അടുക്കളയിലേക്കു നടന്നു. രാജമ്മ ഏറ്റവും പിന്നിലായിരുന്നു....

അടുക്കളയിലെത്തിയ അവർ അമ്പരന്നു.

വീണ്ടും അവിടുത്തെ ലൈറ്റ് ആരോ ഓഫു ചെയ്തിരിക്കുന്നു.

ധൈര്യം സംഭരിച്ച് പ്രജീഷ് സ്വിച്ചിട്ടു. വെളിച്ചം പരന്നു.

സിമന്റ് മേശയിലേക്ക് നോക്കിയ അവർ ആശ്ചര്യചകിതരായി.

(തുടരും)