jayasankar

സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കിൽ 11.4 ശതമാനം വരെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിന്റെ ഭാഗമായി എണ്ണവിലയിൽ വർദ്ധനവ് വരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിക്ക് തൊട്ട് പിന്നാലെയാണ് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് വൈദ്യുത നിരക്ക് വർദ്ധിപ്പിക്കുവാൻ സംസ്ഥാനവും തീരുമാനിച്ചത്. ഈ പ്രശ്നത്തിൽ ഇരു സർക്കാരുകളെയും പരിഹസിച്ചുകൊണ്ടാണ് അഡ്വ. എ ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭയിൽ ബഹുഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് നന്ദി സൂചകമായിട്ടാണ് പെട്രോൾ വില വർദ്ധിപ്പിക്കുവാൻ കേന്ദ്രം തീരുമാനിച്ചത് എന്നാൽ ഇരുപതിൽ പത്തൊമ്പതും തോൽപിച്ചതിന് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് സഖാക്കൾ പകരം വീട്ടുന്നുവെന്നും അഡ്വ. എ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്ര സർക്കാർ ജനനന്മ ലാക്കാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി; നമ്മുടെ സർക്കാർ നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.

ലോക്സഭയിൽ 303 സീറ്റ് നൽകി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതിൽ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കൾ പകരം വീട്ടുന്നു.

ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെൽവൂതാക!