പുനലൂർ: സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിച്ച് ഏവർക്കും മാതൃകയാകുകയാണ് ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ. കോട്ടവട്ടം കൃഷ്ണകൃപയിൽ (ശാരദാ സദനം) റിട്ട. സബ് ഇൻസ്പെക്ടർ മോഹൻകുമാറാണ് സ്വന്തമായുള്ള അഞ്ച് ഏക്കർ ഭൂമിയിൽ നൂറുമേനി വിളയിക്കുന്നത്. വിവിധയിനം ഏത്തവാഴകൾ, നാടൻ വാഴ, വെറ്റിലകൊടി, കാച്ചിൽ, ചേന, ചേമ്പ്, റംമ്പൂട്ടാൻ, ചീര, മധുരകിഴങ്ങ്, റബർ എന്നിവയ്ക്ക് പുറമെ ആട്, കോഴി വളർത്തലിലും നേട്ടം കൊയ്യുകയാണ് ഇദ്ദേഹം. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ആയിരുന്ന മോഹൻകുമാറിന് കൃഷിയോടുള്ള അഭിനിവേശം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. പിതാവ് പരേതനായ കുഞ്ഞുകൃഷ്ണപിള്ളയിൽ നിന്നാണ് കാർഷിക വൃത്തിയുടെ ബാലപാഠങ്ങൾ ആദ്യം പഠിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷിയിൽ കൂടുതൽ ആകൃഷ്ടനാകുന്നത്. പിന്നീട് പഠനത്തിനൊപ്പം വിശ്രമമില്ലാത്ത കൃഷിപ്പണികളുമായി പിതാവിനും സഹോദരങ്ങൾക്കും ഒപ്പംകൂടി. പുലർച്ചെ കൃഷിയിടത്തിലെ ജോലികൾ കഴിഞ്ഞായിരുന്നു സ്കൂളിൽ പോയിരുന്നത്.
സ്കൂൾവിട്ട് വന്നശേഷവും നേരെ കൃഷിടത്തിലേക്ക്. ഐ.ടി.ഐയിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പൊലീസിൽ ജോലിക്കായി അപേക്ഷിക്കുന്നത്. 1990ൽ നിയമനം ലഭിച്ചു. സർക്കാർ ജോലി ലഭിച്ചെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ ഇദ്ദേഹം തയാറായില്ല. നിയമപാലനത്തിനൊപ്പം തന്നെ കാർഷിക പരിപാലനവും മോഹൻകുമാർ മുന്നോട്ടു കൊണ്ടുപോയി. ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ ഉടൻ കൃഷി ഭൂമിയിലേക്കാണ് പോകുക. ഇതിനിടെ സ്വന്തമായി വീടുവച്ച് മാറിയെങ്കിലും കൃഷിയെ ഉപേക്ഷിച്ചില്ല. കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ചതോടെ മുഴുവൻ സമയവും കൃഷിയിൽ വ്യാപൃതനാണ് ഇദ്ദേഹം. പുനലൂർ സപ്ലൈക്കോയിലെ മാനേജർ ബിന്ദുവാണ് ഭാര്യ. നന്ദു, ഇന്ദു എന്നിവർ മക്കളാണ്.
കൃഷിയിടത്തിൽ വിളയുന്നത് 20ൽപ്പരം വിളകൾ. അത്യുൽപ്പാദന ശേഷിയുളള ചങ്ങാലിക്കോടൻ, സ്വർണ്ണ മുഖി, ക്വിന്റൽ ഏത്തൻ തുടങ്ങിയ 1200 ഏത്തവാഴകലാണ് മോഹൻകുമാറിന്റെ കൃഷിയിടത്തിലുള്ളത്. ഇതിനൊപ്പം 20ൽപ്പരം മറ്റ് വിളകളുമുണ്ട്. സ്വന്തമായുളള അഞ്ച് ഏക്കർ ഭൂമിയിൽ രണ്ട് ഏക്കറിൽ റബർ കൃഷിയാണ്. ഇത് ടാപ്പ് ചെയ്യുന്നതും ഇദ്ദേഹം തന്നെ. കൃഷി ഒരിക്കലും നഷ്ടത്തിൽ കലാശിച്ചിട്ടില്ലെന്നും നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ഈ മുൻ നിയമപാലകൻ പറയുന്നത്.