ചെങ്ങന്നൂർ: നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ പെരുങ്കുളം പാടത്ത് കുഞ്ഞനട്ടകൾ പെരുകി. പാടത്തിന് ചുറ്റുപാടുമുളള വീടുകളിലേക്ക് ഇവ എത്തിതുടങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. പ്രദേശത്തെ 20ൽ അധികം വീടുകളിലാണ് അട്ടശല്യം രൂക്ഷമായത്. വീടിന്റെ മതിലിലും കിണറിന് അകത്തും പുറത്തും മുറികളിലും, പാത്രങ്ങളിലും അടുപ്പിനകത്തു വരെ അട്ട ശല്യമാണ്. ഉപ്പു ലായനി ഒഴിച്ചിട്ടും ബ്ലീച്ചിംഗ് പൗഡർ വിതറിയും ഇവയെ നീക്കം ചെയ്യുവാനുളള ശ്രമവും വിജയിച്ചിട്ടില്ല.
കുളഅട്ടകളെപ്പോലെ അപകടകാരികളല്ലെങ്കിലും ഇവയുടെ വ്യാപനം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. നിലവിൽ പെരുങ്കുളം പാടം സർക്കാർ ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള സ്റ്റേഡിയം നിർമ്മിക്കാനുളള പണികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൈലിംഗ് ജോലികൾ തുടങ്ങിയതോടെ വർഷങ്ങളായി നിക്ഷേപിച്ച മാലിന്യം പുറത്തേടുക്കേണ്ടിവന്നു. ഇവ പാടത്തിന്റെ ഒരു ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. കാലവർഷം ആരംഭിച്ചതോടെ ഈ മാലിന്യ കൂമ്പാരവും ചിഞ്ഞ് വൻ ദുർഗന്ധമാണ് പ്രദേശത്ത്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണം
പെരുംങ്കുളം പാടത്ത് സ്റ്രേഡിയം നിർമ്മാണത്തിനായി എടുത്ത മാലിന്യത്തിന്റെ ദുർഗന്ധം സമീപ പ്രദേശത്തെ വീടുകളിലുളള കുട്ടികൾക്കും പ്രായമായ ആളുകൾക്കും ശ്വാസതടസം ഉൾപ്പടെയുളള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. ദുർഗന്ധത്തോടൊപ്പം അട്ടകൂടി പെരുകിയത് പ്രദേശത്തെ ആളുകൾ ദുരിതത്തിലാണ്.
നഗരസഭ ഇടപെടണം: വാർഡ് കൗൺസിലർ
നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും പെരുംങ്കുളം പ്രദേശത്തെ അട്ടശല്യം ഇല്ലാതാക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ല. അട്ടശല്യം ഇല്ലാതാക്കുവാൻ അടിയന്തരമായി നഗരസഭാ അധികൃതർ തയാറായില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് കൗൺസിലർ പറഞ്ഞു.
അടിയന്തരമായി മാലിന്യം നീക്കുന്നതൊടൊപ്പം അട്ടശല്യത്തിന് അറുതി വരുത്തുവാൻ ബന്ധപ്പെട്ടവർ ഇടപെടണം.
വിനോജ് വൈഖരി
(പ്രദേശവാസി)