local

ആറൻമുള: കവയത്രി സുഗതകുമാരിയുടെ നാല് നൂറ്റാണ്ടിലേറെ പഴക്കമുളള ആറൻമുളയിലെ തറവാട് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമാക്കുന്നു. നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്രകൃതിയുടെ കവയത്രിയായ സുഗതകുമാരിയുടെ വീട് രണ്ട് പ്രളയത്തെ അതിജീവിച്ച് വീഴാതെ നിൽക്കുകയായിരുന്നു. സുഗതകുമാരിയുടെ എൺപത്തിനാലാം പിറന്നാളിന് വാഴുവേലിൽ തറവാട് സംരക്ഷിത സ്മാരകമായി സർക്കാർ പ്രഖ്യാപിച്ചു. ആറൻമുള വാസ്തു വിദ്യാഗുരുകുലമാണ് രൂപരേഖ തയ്യാറാക്കിയത്.

ഇത് സുഗതകുമാരിയെ കാണിച്ച് അനുമതി വാങ്ങിയിരുന്നു. വീടിനെ നിലവിലെ രീതിയിൽ തന്നെ കാണണമെന്ന് കണിശതയുണ്ട് കവയത്രിക്ക്. നിർമാണം ആരംഭിക്കുന്നതിന് മുൻപ് വീടിന്റെ എല്ലാ ഭാഗങ്ങളും വീഡിയോയിൽ പകർത്തിയിരുന്നു. നിലവിലെ നിർമാണ രീതിയിൽ നിന്ന് അൽപ്പംപോലും മാറ്റമില്ലാതെയാണ് സംരക്ഷിത സ്മാരകമാക്കുന്നത്. കവയത്രിയുടെ ആഗ്രഹപ്രകാരം തറവാട് സംരക്ഷിത സ്മാരകമാക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്യുന്നത്. തറവാടിന്റെ ഉ‌ടമസ്ഥാവകാശം സുഗതകുമാരിക്കാണ്. തറവാട് നോക്കാനും കാവിലെ പൂജകൾ മുടക്കം വരാതെ നടത്താനും സുഗതകുമാരി ഏൽപ്പിച്ചിരിക്കുന്നത് ആറൻമുള മുളയ്ക്കൽ വീട്ടിൽ വിജയകുമാറിനെയാണ്.

കാവും കുളവും കളിത്തട്ടും വീടിന്റെ രണ്ട് തറകൾ അതേ രൂപത്തിൽ പുതുക്കി കെട്ടി. പ്രളയത്തിൽ മുക്കാൽ ഭാഗം തടികളും ദ്രവിച്ചു. അത് മാറ്റി പുതിയത് അതേ അളവിലും രൂപത്തിലും കൂട്ടും. തേക്ക്, ആഞ്ഞിലി, തെങ്ങ് എന്നിവയാണ് ഉപയോഗിക്കുന്നത്. തിരുവല്ലയിലാണ് തടിപ്പണികൾ നടക്കുന്നത്. വടക്ക് കിഴക്ക് ഭാഗത്ത് നികന്നു പോയ കുളം പുനർനിർമിക്കും. കാവ് സംരക്ഷിക്കും.

തെക്കുഭാഗത്ത് കളിത്തട്ട് പണിയും. പൂർണമായും വാസ്തു അനുസരിച്ചാണ് നിർമാണം. നാല് നൂറ്റാണ്ടിലേറെ പഴക്കം, 50 ലക്ഷത്തിന്റെ നിർമാണം '' സുഗതകുമാരിയുടെ വീടിന്റെ ചരിത്രവും പൈതകൃവും അതേപടി നിലനിറുത്തിയാണ് നിർമാണം. ഒാരോ ഘട്ടം പൂർത്തിയാകുമ്പോഴും അടുത്ത ഘട്ടം സുഗതകുമാരിയോട് വിശദീകരിക്കും. കവയത്രിക്ക് ഒാണ സമ്മാനമായി സംരക്ഷിത സ്മാരകത്തിന്റെ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എസ്. ഭൂപേഷ്, പുരാവസ്തു വിഭാഗം കൺസവർവേഷൻ എൻജിനീയർ.