local

ആലുവ: മയക്കുമരുന്ന് ആംപ്യൂളുകളുമായി യുവാവ് പിടിയിലായ കേസിൽ നെടുമ്പാശേരി സ്വദേശിനിയായ യുവതിയെയും എക്സൈസ് സംഘം തിരയുന്നു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഇത്തരം ലഹരിമരുന്ന് എത്തിച്ചിരുന്നത് നെടുമ്പാശേരിയിലെ യുവതിയുടെ സഹായത്തോടെയായിരുന്നെന്ന് കേസിൽ അറസ്റ്റിലായ നെടുമ്പാശേരി കരിയാട് സ്വദേശിയും ആരീക്കൽ വീട്ടിൽ ബൈപ്പാസ് ന്യൂട്ടൺ എന്നറിയപ്പെടുന്ന അരുൺ ബെന്നി (25) എക്‌സൈസിന് മൊഴി നൽകിയിരുന്നു.

മയക്കുമരുന്ന് കടത്തിൽ ഇവരുടെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് പിടികൂടി ചോദ്യം ചെയ്തെങ്കിലേ വ്യക്തമാകൂ. പേര് വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. കേസന്വേഷണം എക്സൈസ് സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. റിമാൻഡിലുള്ള അരുൺ ബെന്നിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ ദിവസമാണ് അരുണിനെ ആലുവ റേഞ്ച് എക്‌സൈസ് എസ്.ഐ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ആലുവ ബൈപാസ് ഭാഗത്ത് നിന്ന് ആറ് ആംപ്യൂൾ മയക്കുമരുന്നുമായി അറസ്റ്റുചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതിയുടെ പങ്കാളിത്തം ബോദ്ധ്യമായത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻഷ്യൽ മാനേജരായ അരുൺ അവിടെ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇവർ ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. നേരത്തെ നിസാമുദ്ദീനിൽ നിന്ന് യഥേഷ്ടം ആംപ്യൂളുകൾ എത്തിയിരുന്നു. അവിടെ ഫാർമസ്യൂട്ടിക്കലുകളിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള ആംപ്യൂൾ കടത്ത് നിലയ്ക്കുകയായിരുന്നു.

പെൺകുട്ടികൾ അടക്കമുള്ളവർ മയക്കുമരുന്ന് കുത്തിവയ്ക്കുന്നു എന്നുള്ള വിവരമാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്നത്. പഠിക്കുന്ന കാലത്ത് കോളജിലെ ആഘോഷ ദിവസങ്ങളിൽ ഒരു രസത്തിന് തുടങ്ങിയ മയക്കുമരുന്ന് കുത്തിവയ്പ്പ് ഒടുവിൽ അരുൺ ബെന്നിയെ മയക്ക് മരുന്നിന് അടിമയാക്കുകയായിരുന്നു.