ബംഗളൂരു: മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ച് പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടും കുരുക്കഴിയാത്ത കർണാടക രാഷ്ട്രീയത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് നോക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. 13 മാസം മാത്രം പ്രായമുള്ള സഖ്യസർക്കാരിനെ സംരക്ഷിക്കാൻ കയ്യും മെയ്യും മറന്ന് കോൺഗ്രസ് ജെ.ഡി.എസ് സഖ്യം പ്രവർത്തിക്കമ്പോഴും അടുത്ത ആഴ്ച തങ്ങൾ സർക്കാരുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ ഇനി കർണാടക രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്നത് സ്പീക്കറുടെ തീരുമാനമായിരിക്കും.
നേരത്തെ രാജിക്കത്ത് നൽകിയ 15 എം.എൽ.എ മാരുടെ രാജി സ്പീക്കർ അംഗീകരിക്കുകയാണെങ്കിൽ ഭൂരിപക്ഷമില്ലാത്തതുകാരണം മന്ത്രിസഭ ഇപ്പോൾ തന്നെ രാജിവയ്‌ക്കേണ്ടി വരും. 224 അംഗ നിയമസഭയിലെ 15 അംഗങ്ങൾ രാജിവച്ചതോടെ അംഗസംഖ്യ 209 ആയി മാറി . ഭൂരിപക്ഷത്തിന് 105 പേർ വേണം. ബി.എസ്.പി അംഗം എൻ. മഹേഷിന്റെത് ഉൾപ്പെടെ ബി.ജെ.പി സഖ്യത്തിന് 107 പേരുടെ പിന്തുണയാണുള്ളത്. അതേസമയം ഭരണ കക്ഷിയടേത് 103 ആയി കുറഞ്ഞു. ഇന്ന് രാവിലെ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ വിമത എം.എൽ.എ മാർ ആരും പങ്കെടുത്തിരുന്നില്ല. സ്പീക്കർ രാജി സ്വീകരിക്കാതെയിരുന്നാൽ രാജിവച്ചവർക്ക് കോടതിയിൽ പോകാം. അതേസമയം എം.എൽ. എ മാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കഴിയും. അങ്ങനെ സംഭവിച്ചാലും തിരിച്ചടി കോൺഗ്രസിന് തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കർണാടക രാഷ്ട്രീയത്തിൽ ഇനി സംഭവിക്കാനിരിക്കുന്ന അഞ്ച് സാധ്യതകൾ ഇവയാണ്.
വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിക്കുക
വിമത എം.എൽ.എമാർ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ ഓഫീസിൽ ഇല്ലാതിരുന്ന സ്പീക്കർ കെ.ആർ.രമേഷ് കുമാർ ഇക്കാര്യത്തിൽ തന്റെ തീരുമാനം ഇന്ന് അറിയിക്കാമെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഭരണഘടന അനുസരിച്ച് മാത്രമേ താൻ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിച്ചാൽ സഖ്യസർക്കാരിന്റെ അംഗബലം 104ആയി കുറയും.ഇതോടെ സ്പീക്കർക്ക് സർക്കാരിനെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി വിളിക്കേണ്ടി വരും.
വിമത എം.എൽ.എമാർ തിരിച്ച് വരും
രാജി സമർപ്പിച്ച വിമത എം.എൽ.എമാരിൽ ചിലരെങ്കിലും തിരികെ വരുമെന്നാണ് കോൺഗ്രസ് ജെ.ഡി.എസ് നേതാക്കൾ വിശ്വാസിക്കുന്നത്. വിമത എം.എൽ.എമാരിൽ ചിലരെയെങ്കിലും തിരികെ എത്തിക്കാനായാൽ മറ്റുള്ള വിമതർക്കും സഖ്യകക്ഷി ക്യാമ്പിലേക്ക് തിരികെ എത്തേണ്ടി വരും. ഇതിനുള്ള ശ്രമങ്ങൾ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
വിമതരെ അയോഗ്യരാക്കും
കഴിഞ്ഞ ദിവസം രാജിവച്ച ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയിൽ നടന്ന യോഗത്തിൽ വിമത എം.എൽ.എമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമം അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. രണ്ട് സാഹചര്യങ്ങളിൽ മാത്രമേ കൂറുമാറ്റ നിരോധന നിയമം വഴി അംഗങ്ങളെ അയോഗ്യരാക്കാൻ ചട്ടങ്ങൾ അനുശാസിക്കുന്നുള്ളൂ. പാർട്ടിയുടെ ഔദ്യോഗിക വിപ്പ് ലംഘിക്കുകയോ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയോ ചെയ്താൽ മാത്രമേ ഈ നിയമം ബാധകമാകൂ എന്നും നിയമ വിദഗ്ദ്ധർ വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കാത്തതിനാൽ ഇപ്പോൾ പാർട്ടിക്ക് വിപ്പ് നൽകാനും കഴിയില്ല. വിമത എം.എൽ.എമാരുടെ രാജി പാർട്ടി വിരുദ്ധ നടപടിയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഷ്ട്രപതി ഭരണം
ഒരു സംസ്ഥാനത്തിലെ ക്രമസമാധാന നില തകരുകയോ നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് ഭരണം മന്നോട്ട് കൊണ്ടപോകാൻ കഴിയാതെ വരികയോ ചെയ്താൽ ഗവർണർക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രസർക്കാരിനോട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യാം. എന്നാൽ ഭരണകൂടത്തിന് തുടരാൻ കഴിയുന്ന എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമേ ഇതിന് ഗവർണർ ശുപാർശ ചെയ്യാവൂ എന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും
വിമത എം.എൽ.എമാരുടെ രാജിയോടെ സഖ്യസർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും ബി.ജെ.പി ഔദ്യോഗികമായി ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാനായി ബി.ജെ.പി തങ്ങളുടെ കൂടെയുള്ള എം.എൽ.എമാരെ ഗവർണറുടെ വസതിയിലേക്ക് എത്തിക്കുമെന്നും വിവരമുണ്ട്. ഇതോടെ ഗവർണർക്ക് സർക്കാരിനെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി ക്ഷണിക്കേണ്ടി വരും. നിലവിലെ അവസ്ഥയിൽ സഖ്യസർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല. ഇതോടെ കർണാടകയിലും ബി.ജെ.പി ഭരണം വരും.