pinarayi-vijayan

തിരുവനന്തപുരം : ബി.ജെ.പി സംഘടിപ്പിച്ച ശബരിമല പ്രക്ഷോഭ സമരത്തിൽ മകൻ പങ്കെടുത്തതിന്റെ പേരിൽ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതായി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശ ലോറൻസ്. മകൻ ശബരിമല സമരത്തിൽ പങ്കെടുത്തതിനു ശിക്ഷ കിട്ടിയതു തനിക്കാണെന്നും സിഡ്‌കോയിലെ കരാർ ജോലിയിൽ നിന്നു പിരിച്ചുവിട്ടതോടെ ജീവിത മാർഗ്ഗം മുടങ്ങിയെന്നും അവർ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ വ്യക്തമാക്കുന്നു. ജീവിക്കാൻ മാർഗമില്ലാതെ താനും മകനും ജീവനൊടുക്കിയാൽ അതിനുത്തരവാദി പാർട്ടിയായിരിക്കുമെന്നും സി.പി.എം നേതാവിന്റെ മകൾ വ്യക്തമാക്കുന്നു. സിഡ്‌കോയിലെ കരാർ ജോലി നഷ്ടമായതോടെ താൻ വ്യവസായ മന്ത്രിയെ കാണുവാനെത്തിയെന്നും എന്നാൽ പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണമെന്നും അവർ കത്തിലൂടെ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് തെക്ക് വടക്ക് വനിത മതിലുയർത്തിയാൽ സ്ത്രീ ശാക്തീകരണമാവില്ലെന്നും ഒറ്റയ്ക്ക് ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളുമാണ് ആവശ്യം. ജീവിതത്തിൽ താങ്ങായുള്ള മതിലായിരുന്ന തന്റെ ജോലി എന്നാൽ അതിനെ ഇടിച്ചു നിരത്തുകയായിരുന്നു സർക്കാർ. ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാൻ അനുവദിക്കില്ലെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി തിരുത്തണമെന്നും ആശ ലോറൻസ് കത്തിലൂടെ ആവശ്യപ്പെടുന്നു.