kumbalangi-nights

ഒരു സിനിമ തെറ്റ് കൂടാതെ ചിത്രീകരിച്ച് അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയെന്നത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അണിയറ പ്രവർത്തകരുടെയും മുന്നിൽ കനത്ത വെല്ലുവിളിയാണ്. പലപ്പോഴും ചെറുതെന്ന് കരുതി വിട്ടുപോകുന്ന ചിലത് വൻ അബദ്ധങ്ങൾക്ക് കാരണമാകാറുമുണ്ട്. ദോഷം പറയരുതല്ലോ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ചില വിദ്വാന്മാർ അത് കയ്യോടെ പിടിക്കും. അടുത്തിടെ ഗെയിം ഒഫ് ത്രോൺസ് ചിത്രത്തിൽ ഇത്തരത്തിലൊരു അക്കിടി സംഭവിച്ചത് ഏറെ വാർത്തയായിരുന്നു. എന്നാൽ ഫഹദ് ഫാസിൽ, ഷെയ്‌ൻ നിഗം, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി സൂപ്പർഹിറ്റായി മാറിയ കുമ്പളങ്ങി നെറ്റ്‌സിന്റെ ചില പ്രത്യേകതകൾ ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ ടൈറ്റിലിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കുമ്പളങ്ങി എന്ന വാക്കിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഷമ്മി, സജി, ബോബി, ബോണി, ബേബി,സിമ്മി, ഫ്രാങ്കി തുടങ്ങിയ കഥാപാത്രങ്ങളുടെ പേര് അവസാനിക്കുന്നത്. മറ്റൊരു കാര്യം ചിത്രത്തിലെ പ്രഥാന കഥാപാത്രമായ ഷമ്മിയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ഒരു സദാചാര സൈക്കോ എന്ന രീതിയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് കൃത്യമായി കഴിഞ്ഞു. സദാചാര ബോധം തലയ്‌ക്ക് പിടിച്ച് മാനസിക രോഗി ആയിപ്പോയ ഒരു കഥാപാത്രം മാത്രമല്ല ഷമ്മി. മറിച്ച് താൻ ചെയ്യുന്നത് മാത്രം ശരിയെന്ന് വിശ്വാസിക്കുന്ന തന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുവരാത്തയാൾ കൂടിയാണ്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന പാത്രവും, ഉപയോഗിക്കുന്ന പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റും, ബൂബർ ചൂയിംഗവുമെല്ലാം ആ കഥാപാത്രത്തിന്റെ പ്ലോട്ടിംഗ് വളരെ മികച്ചതാക്കിയെന്നും വീഡിയോയിൽ പറയുന്നു.