nirmala-sitharaman

കൊച്ചി : ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ രാജ്യം കൊതിക്കുന്ന ഒരു സ്വപ്നനേട്ടത്തിനെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ 5ലക്ഷം കോടി അമേരിക്കൻ ഡോളറിലേക്ക് ഉയർത്തിയെടുക്കണം എന്നതായിരുന്നു ആ സ്വപ്നം. നിലവിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൂന്ന് ലക്ഷം കോടി ഡോളറിന്റേതാണെന്നും അവർ ലോക്സഭയിൽ ബഡ്ജറ്റ് അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ പ്രഖ്യാപനം വെറും സ്വപ്നം മാത്രമാണെന്ന് സംശയിച്ച സാമ്പത്തിക വിദഗ്ദ്ധർ നിരവധിയാണ്, എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ സാമ്പത്തിക വിദഗ്ധനായ ഡോ. സുർജിത് എസ്. ഭല്ല ബഡ്ജറ്റ് ലക്ഷ്യം നേടിയെടുക്കാനാവുമെന്ന ശുഭവിശ്വാസം പ്രകടിപ്പിച്ചു.

നിർമല സീതാരാമന്റെ ആശയം സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് പറയുന്നവർ ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ വാർഷിക വളർച്ച പത്ത് ശതമാനമാണെങ്കിൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ്, എന്നാൽ ഇത് നേടിയെടുക്കാൻ അസാധ്യമായ കാര്യമല്ലെന്നാണ് ഡോ. സുർജിത് എസ്. ഭല്ല വിലയിരുത്തുന്നത്. അമേരിക്കൻ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ശ്രദ്ധിച്ചാൽ നില മെച്ചപ്പെടുത്തി രൂപ മുന്നേറുന്ന കാഴ്ചയാണുള്ളതെന്നും, ഇങ്ങനെ പോയാൽ ആഭ്യന്തരമൊത്ത ഉൽപാദനത്തിലെ വാർഷിക വളർച്ച 10 ശതമാനത്തിൽ താഴെ എത്തിയാലും സ്വപ്നനേട്ടം കൈവരിക്കാൻ രാജ്യത്തിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അടുത്ത അഞ്ചു വർഷത്തിനകം രാജ്യത്തെ സമ്പദ് വ്യവസ്ഥ 5ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് ബഡ്ജറ്റിലൂടെ ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.