ജീവിതസന്ദർഭമനുസരിച്ച് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് വ്യത്യസ്ത അർത്ഥമാണുള്ളത്. 1947 ന് മുമ്പ്, രാജ്യത്ത്, ആസാദി എന്നാൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു. ബ്രിട്ടീഷുകാർ പോയാൽ നമ്മൾ സ്വതന്ത്രരാകുമെന്ന് വിശ്വസിച്ചു. അവർ പോയി. ആ കാരണത്താൽ ആഗസ്റ്റ് 15 സുപ്രധാന ദിനമായി തുടരുന്നു.
രാഷ്ട്രീയമായി, നമ്മൾ സ്വതന്ത്രരാണെങ്കിൽക്കൂടി സ്വാതന്ത്ര്യമെന്നത് പ്രശ്നമായി തുടരുന്നു. അതിരുകളില്ലാത്തവരാകാനുള്ള ആഗ്രഹം അർത്ഥമാക്കുന്നത് ശാരീരികത്തിനപ്പുറമുള്ള ഒരു മാനം സ്പർശിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുള്ളിലുണ്ടെന്നാണ്. ഇതിനർത്ഥം നിങ്ങളുടെ ഉള്ളിലുള്ള എന്തോ ഒന്ന് ആത്മീയമായിരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ഇതിനർത്ഥം പ്രാർത്ഥിക്കുകയോ ക്ഷേത്രത്തിൽ പോകുകയോ അല്ല. ശാരീരിക പരിമിതികൾക്കതീതമായത് അനുഭവിക്കാൻ ശ്രമിക്കുക എന്നതാണ്.
ശരീരവും ചിലപ്പോഴൊക്കെ മനസും ഉറങ്ങിയേക്കാം, നിങ്ങളുടെയുള്ളിലെ ജീവന്റെ ഉറവിടം ഒരിക്കലും ഉറങ്ങുന്നില്ല. അതിന്റെ അജണ്ട പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതിനോട് യോജിച്ച് പ്രവർത്തിച്ചാൽ, നിങ്ങൾക്കത് അനായാസത നൽകുന്നു; അതിനെതിരെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് നരകം നൽകും. ഈ ഭാഗത്തുള്ള മുഴുവൻ ജനങ്ങളും ഒരു കാലത്ത് ആത്യന്തിക മോചനമെന്ന ലക്ഷ്യത്തോടെയാണ് ജീവിച്ചിരുന്നത്. ഇക്കാരണത്താൽ, ഈ സംസ്കാരം എല്ലാറ്റിനെയും വണങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു, ഒരു മരമോ വ്യക്തിയോ പ്രാണിയോ ആയാൽപ്പോലും. ആളുകൾ സ്വയം വളരെയധികം വലുതാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിർമ്മിച്ച ഉപാധികളായിരുന്നു അവ.
നിർഭാഗ്യവശാൽ ഇക്കാലത്ത്, എന്തിനെയും വണങ്ങുന്നത് ബലഹീനതയുടെ അടയാളമായിട്ടാണ് കാണുന്നത്. കീഴടങ്ങൽ അചിന്തനീയമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും, സ്വന്തം മനസിന്റെ പ്രശ്നങ്ങളുടെ അടിമകളാണ്. ഞാൻ എന്ന നിലയിൽ പരിഗണിക്കാൻ എന്താണുള്ളത്? നിങ്ങൾക്കറിയാവുന്നതെല്ലാം പുറത്തുനിന്നും ശേഖരിച്ച തുണ്ടുകളും കഷണങ്ങളുമാണ്. ശരീരം ഭക്ഷണത്തിന്റെ ശേഖരമാണ്, മനസ് സമൂഹത്തിന്റെ മാലിന്യക്കൂമ്പാരം മാത്രവും. 'ഞാൻ' എന്ന് നിങ്ങൾ വിളിക്കുന്ന സംവിധാനം സ്വയം സൃഷ്ടിച്ചതാണ്, കാരണം നിങ്ങൾ ആരാണെന്നത് ഭൂതകാലത്തിന്റെ ഓർമ്മ മാത്രമാണ്. നിങ്ങൾ നിങ്ങളിൽ നിന്ന് കല്പനകൾ സ്വീകരിക്കുന്നു എന്ന് കരുതുന്നു, യഥാർത്ഥത്തിൽ ഒരു ദശലക്ഷം ആളുകളെ അംശങ്ങളായി അനുസരിക്കുകയാണ് . കാരണം നിങ്ങൾ പ്രകടമാക്കുന്ന ഓരോ ആശയവും ചിന്തയും വികാരവും മറ്റെവിടെ നിന്നെങ്കിലും വന്നതാണ്.
മനുഷ്യകുലത്തിന്റെ ഇപ്പോഴത്തെ സ്വഭാവമിതാണ്: എന്താണോ വിശ്വസിക്കുന്നത് അത് നിങ്ങളുടെ യാഥാർത്ഥ്യമായി മാറുന്നു. സ്വയം സംരക്ഷിക്കാനാണ് ഓർമ്മകളുടെ ഭാവനയുടെ വികാരത്തിന്റെ സങ്കീർണമായ തടവറ സൃഷ്ടിച്ചത്. എന്നാൽ സ്വയം സംരക്ഷണത്തിന്റെ മതിലുകൾ തന്നെ സ്വന്തം തടവറയുടെ മതിലുകളായി മാറുന്നു. ഹ്രസ്വകാലത്തേക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പുറത്തുകടക്കാൻ ആഗ്രഹമുണ്ടാകും. ജീവപര്യന്തം അനുഭവിക്കുന്നവർ തടവറയിൽ രാജ്യങ്ങൾ കെട്ടിപ്പടുക്കാനും തടവുജീവിതത്തിന് അർത്ഥം നൽകാനും ശ്രമിക്കും. നിർഭാഗ്യവശാൽ ബാഹ്യസഹായം ആവശ്യമായിത്തീരുന്നു,
മിക്ക തടവറകളും വളരെ ചിട്ടയുള്ളതാണ്. തടവറകൾ മാനേജ് ചെയ്യുന്നവർക്ക് ചിട്ട സുരക്ഷയാണ്. അത് തടവുകാർ രക്ഷപ്പെടാതിരിക്കാൻ സഹായകമാകും. ജീവിതം വളരെ ചിട്ടയുള്ളതും നിയന്ത്രണമുള്ളതുമാണെങ്കിൽ, തടവറയുടെ മതിലുകൾ തകർക്കാൻ വളരെ പ്രയാസമാണെന്ന് നിങ്ങൾ കണ്ടെത്തും. തടവറ കൂടുതൽ സുരക്ഷിതമാകുമ്പോൾ, നിങ്ങൾ സ്വാതന്ത്ര്യത്തിൽ നിന്ന് കൂടുതൽ അകലെയാകുന്നു. കാര്യങ്ങൾ താറുമാറാകുമ്പോൾ, അത് തകർക്കാൻ എളുപ്പമാണ്. അതിനാൽ നിശ്ചിത തലത്തിലുള്ള ചിട്ടയും കുഴപ്പങ്ങളും നിലനിറുത്താൻ സങ്കീർണമായ മാനേജ്മെന്റ് ആവശ്യമാണ്.
ഒരിക്കൽ വിരമിച്ച ഒരു സർജനും ഒരു ജനറലും ഒരു രാഷ്ട്രീയക്കാരനും ഗോൾഫ് ക്ലബിന്റെ കോഫി ഷോപ്പിൽ കണ്ടുമുട്ടി. സംസാരത്തിനിടെ സർജൻ പറഞ്ഞു, ' എന്റെ തൊഴിലാണ് ലോകത്തിൽ ഏറ്റവും പഴയത്.'
മറ്റ് രണ്ടുപേരും ചോദിച്ചു, 'അതെങ്ങനെ?'
അദ്ദേഹം പറഞ്ഞു, 'നിങ്ങൾക്കറിയാമോ, ആദാമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വാ സൃഷ്ടിക്കപ്പെട്ടത്. ഒരു മഹാനായ സർജനല്ലാതെ മറ്റാർക്കാണിത് ചെയ്യാനാവുക? '
ജനറൽ പറഞ്ഞു, 'അല്ലല്ല, നിങ്ങൾ ഒരു പോയിന്റ് വിട്ടുപോയി. ആദാം വരുന്നതിനു മുമ്പുതന്നെ കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനുശേഷം, ചട്ടം ലോകത്തിലേക്ക് കൊണ്ടുവന്നു. ഒരു നല്ല സൈനികനല്ലാതെ മറ്റാർക്കാണ് അത്തരമൊരു അവസ്ഥയിൽ ചട്ടം കൊണ്ടുവരാനാവുക? സൈനികന്റെ തൊഴിലാണേറ്റവും പഴയത്. '
രാഷ്ട്രീയക്കാരൻ അടക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, 'എല്ലാം നല്ലതാണ്, പക്ഷേ ആരാണ് ആ കുഴപ്പങ്ങൾ സൃഷ്ടിച്ചത്?'
തടവറ വളരെ ശക്തമാകാതിരിക്കാൻ കഴിയുംവിധം കുഴപ്പങ്ങളും ചട്ടങ്ങളും കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. അതിന് ജ്ഞാനത്തെക്കുറിച്ച് വ്യക്തത ആവശ്യമാണ് . അല്ലെങ്കിൽ ബാഹ്യ സഹായം ആവശ്യമാണ്. അല്ലാത്തപക്ഷം, കുഴപ്പങ്ങൾക്ക് വിനാശകരമാകാനും ചട്ടങ്ങൾക്ക് അടിച്ചമർത്തുന്നതാകാനും കഴിയും. അതുകൊണ്ടാണ് പൗരസ്ത്യദേശങ്ങളുടെ ആത്മീയ പാരമ്പര്യങ്ങൾ പ്രബുദ്ധനായ ഗുരുവിന്റെ, തടവിലാക്കപ്പെടാത്ത ഒരാളുടെ ഇടപെടൽ ആവശ്യമാണെന്ന് നിർബന്ധം പിടിച്ചത്.