congress-mlas

ബംഗളൂരു: മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ച് പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടും കർണ്ണാടകയിൽ വീണ്ടും ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു. റോഷൻ ബെയ്ഗാണ് സ്പീക്കർക്ക് കത്ത് നൽകിയത്. ഇതോടെ രാജിക്കത്ത് സമർപ്പിച്ച എം.എൽ.എമാരുടെ എണ്ണം പതിനാലായി. വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പാളിയതോടെ കർണ്ണാടക സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഭൂരിപക്ഷത്തിന് 105 പേർ വേണം


അതേസമയം വിമതരെ അയോഗ്യരാക്കാൻ സ്പീക്കർ കെ.ആർ.രമേഷ് കുമാറിന് ശുപാർശ നൽകിയെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അറിയിച്ചു. അയോഗ്യരാക്കിയാൽ ഇവർക്ക് മന്ത്രിപദവി ഉൾപ്പെടെയുള്ളവ വഹിക്കാനാകില്ല. രാജിക്കത്ത് നൽകിയ എം.എൽ.എ മാരുടെ രാജി സ്പീക്കർ അംഗീകരിക്കുകയാണെങ്കിൽ ഭൂരിപക്ഷമില്ലാത്തതുമൂലം മന്ത്രിസഭ ഇപ്പോൾ തന്നെ രാജിവയ്‌ക്കേണ്ടി വരും.

സ്പീക്കർ രാജി സ്വീകരിക്കാതെയിരുന്നാൽ ഇവർക്ക് കോടതിയെ സമീപിക്കാം. അതേസമയം എം.എൽ. എ മാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കഴിയും. ഇന്ന് രാവിലെ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ വിമത എം.എൽ.എ മാർ ആരും പങ്കെടുത്തിരുന്നില്ല.