bath

ശരീരത്തിന്റെ ക്ഷീണമകറ്റുന്നതിനും, വാർദ്ധക്യം കുറയ്ക്കുന്നതിനും, വാതരോഗങ്ങൾ വരാതിരിക്കുന്നതിനും, കാഴ്ചശക്തിയും ശരീര പോഷണവും ലഭിക്കുന്നതിനും, ദീർഘനാൾ ജീവിക്കുന്നതിനും, നല്ല ഉറക്കം, നല്ല ത്വക്ക്, ശരീര ബലം എന്നിവ ലഭിക്കുന്നതിനും ദിവസവും തലയിലും പാദത്തിലും എണ്ണ തേയ്ക്കണം. എണ്ണ തേയ്ക്കുവാൻ പാടില്ലാത്തതും കുളിക്കാൻ പാടില്ലാത്തതുമായ ചില രോഗാവസ്ഥകളുണ്ടെങ്കിലും അതു മനസിലാക്കിയിട്ടല്ല ഇന്നു പലരും എണ്ണ തേക്കാതിരിക്കുന്നതും ചിലരെങ്കിലും കുളിക്കാതിരിക്കുന്നതും.

കുളിക്കുന്നവന്റെ വിശപ്പ്, ആയുസ്, ലൈംഗിക ശേഷി, തേജസ്സ്, ബലം മുതലായവ വർദ്ധിക്കുന്നു. വിയർപ്പ്, ചൊറിച്ചിൽ, ക്ഷീണം, ദാഹം ഇവയെ അകറ്റും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശാരീരിക അസ്വസ്തതകളെ കുറച്ച് ഉന്മേഷവും ശരീരബലവും നൽകുമെങ്കിലും അത് കാഴ്ച ശക്തി കുറയുന്നതിനും മുടി കൊഴിച്ചിലിനും മുടി എളുപ്പം നരക്കുന്നതിനും കാരണമാകും. ദേഹത്തിന് ചെറിയ ചൂടുവെള്ളവും തലയ്ക്ക് ചൂടില്ലാത്ത വെള്ളവും മാത്രമേ ഉപയോഗിക്കാവൂ എന്ന് സാരം. പ്രമേഹ രോഗിയും മറ്റ് രോഗങ്ങളോടനുബന്ധിച്ച് ദേഹത്ത് ചൂട് കൂടുതൽ അനുഭവപ്പെടുന്നവരും പച്ച വെള്ളത്തിൽ തന്നെ കുളിക്കുക.

തലയിൽ വെള്ളമൊഴിച്ച് കുളിച്ച് തുടങ്ങുന്നതാണ് നല്ലത്. നീർവീഴ്ച ഉള്ളവർക്ക് കുറച്ച് വെള്ളം വായിൽ നിറുത്തി കുളിക്കുന്നത് ഗുണകരമാണ്. ശരീരം മുഴുവൻ സോപ്പ് തേച്ച് കഴുകിയ ശേഷം തല അൽപം വെള്ളത്തിൽ നനച്ച് എടുക്കുന്നവരും ഉണ്ട്. ശീലിച്ച് പോയത് കൊണ്ട് ഇത് മാറ്റാൻ ചിലർക്ക് പ്രയാസമായിരിക്കും. കുട്ടികളെയെങ്കിലും ശരിയായി ശീലിപ്പിക്കാൻ ശ്രമിക്കണം.
സോപ്പിന്റെ നിറമോ മണമോ ഒന്നും വിലയിരുത്തിയല്ല ഗുണം നിശ്ചയിക്കേണ്ടത്. പല സോപ്പും ത്വക്കിന് അത്ര ഗുണമൊന്നുമില്ലെങ്കിലും ഉപഭോക്താവിന് തൃപ്തി നൽകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. കാരം കൂടുതൽ ഉള്ള സോപ്പ് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. സോപ്പ് കയ്യിൽ വച്ച് പതച്ച് രോമകൂപങ്ങൾക്ക് അനുകൂല ദിശയിൽ മാത്രം തേയ്ക്കുക.

bath

സോപ്പ് തേയ്ക്കുന്നതിനേക്കാൾ ശ്രദ്ധിക്കേണ്ടത് അത് നന്നായി കഴുകികളയാനാണ്. വരൾച്ചയുള്ള ത്വക്കിന് സാധാരണ സോപ്പിനേക്കാൽ ക്രീം സോപ്പുകൾ നല്ലതാണ്. ഏതു സോപ്പായാലും അധികമായാൽ ദോഷം തന്നെ. തലയ്ക്കുള്ള ഷാമ്പൂവിന്റെ കാര്യവും മറിച്ചല്ല. തലയ്ക്കം ദേഹത്തുമൊക്കെ ആയുർവേദ ചൂർണങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. കുളിക്കാനുള്ള വെള്ളം ക്ലോറിൻ കലർന്നതാണെങ്കിൽ വലിയ വാ വട്ടമുള്ള പാത്രത്തിൽ പിടിച്ച് ഒരു മണിക്കൂർ തുറന്നു വെച്ച ശേഷം മാത്രം ഉപയോഗിക്കുക. കുളിക്കാനുള്ള വെള്ളത്തിൽ കണിക്കൊന്നയുടെ പട്ട ചേർത്താൽ തൊലിപ്പുറത്തുള്ള ചൊറിച്ചിലും വേപ്പിന്റെ ഇല ചേർത്താൽ തൊലിപ്പുറത്തുള്ള മറ്റ് രോഗങ്ങളും നാരങ്ങാനീരു ചേർത്താൽ ഉന്മേഷവും ലഭിക്കും. അണുക്കളെ അകറ്റാൻ രണ്ട് തുള്ളി സോപ്പ് ലായനി ചേർക്കണമെന്നത് പരസ്യം മാത്രമാണ്. ഫലപ്രദമാണെന്ന് അംഗീകരിക്കാനാകാത്ത പരസ്യം.

കുളിക്കുശേഷം തല നന്നായി തുടച്ച് രാസ്‌നാദി ചൂർണം നെറുകയിൽ തിരുമ്മുന്നത് നീരിറക്കം കുറയ്ക്കം. എത്രനാൾ ഉപയോഗിച്ചാലും ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പകരം പൗഡർ ഇടുന്നത് നല്ലതല്ല. കുളിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യാം. പക്ഷേ ആഹാരം കഴിക്കാൻ പാടില്ല. രാവിലെ കുടിക്കുന്നതും കഴിക്കുന്നതുമൊക്കെ കുളി കഴിഞ്ഞ് മതി. രാവിലെ കുളിക്കാൻ പറ്റാത്തവർ ഉച്ചയ്ക്ക് ആഹാരത്തിനു മുമ്പോ അല്ലെങ്കിൽ വൈകുന്നേരത്ത് ചായകുടി ഉണ്ടെങ്കിൽ അതിനു മുമ്പോ കുളിക്കണം. ആഹാര ശേഷമുള്ള കുളി, രാത്രി വൈകിയുള്ള കുളി, ദേഹം മാത്രം കഴുകുന്ന കുളി ഇവയൊന്നും ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല രോഗത്തെ ഉണ്ടാക്കുകയും ചെയ്യും.