വിരലുകൾക്ക് ഭംഗി നൽകുന്നതിൽ നഖങ്ങൾക്കുള്ള പങ്ക് ചെറുതല്ല. നഖത്തിന് ഭംഗി കൂട്ടാനായി നെയിൽ പോളിഷ് ഉൾപ്പെടെ ധാരാളം സാധനങ്ങൾ നമ്മൾ വാങ്ങിക്കാറുണ്ട്. എന്നാൽ നഖത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുമുണ്ട്. നഖത്തിനെ ബാധിക്കുന്ന പ്രധാന പ്രശ്നം പൂപ്പൽ ബാധയാണ്. പ്രായപൂർത്തിയായവരിലാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. സ്ത്രീകളുടെ കാലിലെ നഖങ്ങളെയാണ് പൂപ്പൽ കൂടുതലായി ബാധിക്കുന്നത്.
കാരണങ്ങൾ...
നഖങ്ങളിലുള്ള ക്ഷതങ്ങൾ, വാർദ്ധക്യം, പ്രമേഹം, പുകവലി, അമിത വിയർപ്പ്, എച്ച്.ഐ.വി അണുബാധ എന്നിവയും നഖങ്ങളിലെ പൂപ്പൽ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. പൂപ്പൽ നഖങ്ങളെയോ അല്ലെങ്കിൽ കാലിലെയോ കൈയിലെയോ ചർമ്മത്തോടൊപ്പമോ ബാധിക്കാം.
ലക്ഷണങ്ങൾ
നഖത്തിന്റെ മൂന്ന് ഭാഗത്തും ഒട്ടിച്ചേർന്നിരിക്കുന്ന ചർമ്മത്തിലൂടെയാണ് പൂപ്പൽ നഖത്തെ ബാധിക്കുന്നത്. പൂപ്പൽ ബാധ ഉണ്ടാകുമ്പോൾ നഖത്തിന്റെ നിറം കറുപ്പ്, ബ്രൗൺ, മഞ്ഞ കലർന്ന വെളുപ്പ് എന്നിവയാകും. അതോടൊപ്പം നഖത്തിന്റെ ചില ഭാഗങ്ങളിൽ കട്ടികൂടുകയും മറ്റു ഭാഗങ്ങളിൽ പൊടിഞ്ഞും കാണപ്പെടുന്നു. ക്രമേണ നഖം അതിന്റെ അടിയിലുള്ള ഭാഗത്ത് നിന്നും വേർപെടുകയും ആ ഭാഗത്ത് വെളുത്ത പൗഡർ പോലുള്ള പദാർത്ഥം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒന്നോ രണ്ടോ നഖങ്ങളെ മാത്രമേ സാധാരണയായി പൂപ്പൽബാധ ബാധിക്കുകയുള്ളൂ.
ചികിത്സ
നെയിൽ പോളിഷ് പോലെ പുരട്ടുന്ന ലാക്കറുകൾ, ഉള്ളിൽ കഴിക്കുന്ന മരുന്നുകൾ എന്നിവയാണ് ഈ രോഗം മാറ്റാൻ സാധാരണയായി ഉപയോഗിക്കുന്നത്. മൂന്ന് മുതൽ ആറുമാസം വരെയാണ് കൈനഖങ്ങളുടെ ചികിത്സ. കാൽനഖങ്ങളുടേത് ആറുമാസം മുതൽ ഒരു വർഷം വരെയും നീണ്ടുനിന്നേക്കാം. അതേസമയം രോഗം മാറിയതിനുശേഷം വീണ്ടും പൂപ്പൽബാധ വരാൻ സാധ്യത ഉണ്ട്.