40 വയസ് കഴിയുമ്പോൾ സ്ത്രീകളുടെ സൗന്ദര്യത്തിന് മങ്ങലേൽക്കാൻ തുടങ്ങും. അവരുടെ ചർമ്മത്തിനും തലമുടിയ്ക്കും ശരീര ഘടനയിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കും. വരണ്ട ചർമവും മുടി കൊഴിച്ചിലും കറുത്ത പാടുകളുമൊക്കെ ഈ പ്രായക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇതുമൂലം സ്ത്രീകൾക്ക് മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകുന്നു. ഒട്ടും പേടിക്കേണ്ട പ്രശ്നങ്ങൾക്കുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽത്തന്നെയുണ്ട്.
ഇതാ ചില പൊടിക്കൈകൾ
-മുടിയുടെ ശ്രദ്ധ
മുടി കൊഴിച്ചിലും നരയുമൊക്കെ ഈ പ്രായത്തിലെ സ്ത്രീകൾക്ക് തലവേദന ഉണ്ടാക്കാറുണ്ട്. നര ഉണ്ടാകുമ്പോൾ തലമുടി ഒരിക്കലും പിഴുതു കളയരുത്. ഇങ്ങനെ ചെയ്യുന്നത് അടുത്ത മുടിയിൽ നര ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ നരയാണെങ്കിൽ അത് കത്രിക ഉപയോഗിച്ച് വെട്ടിക്കളയാം.
തലയിൽ എണ്ണതേച്ച് മുടി നന്നായി മസാജ് ചെയ്യുക, താളി തേയ്ക്കുക, പ്രോട്ടീൻ ട്രീറ്റ്‌മെന്റ്, ഹെയർ സ്പാ ഇവയൊക്കെ മുടികൊഴിച്ചിലും നരയും ഒരു പരിധിവരെ തടയുന്നു. എണ്ണ നന്നായി തലയിൽ തേച്ചു പിടിപ്പിച്ചശേഷം ചെമ്പരത്തി താളിയോ പയറു പൊടിയോ ഉപയോഗിച്ച് തല കഴുകുക. കഴിയുമെങ്കിൽ രണ്ടു നേരവും തല കഴുകുക.
-കൺതടങ്ങളിലെ കറുപ്പ്
ഈ പ്രായത്തിലെ പ്രധാന പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. ഇത് മാറ്റാൻ ചില വഴികളുണ്ട്. നന്നായി ഉറങ്ങുകയാണ് ഈ പ്രശ്നങ്ങളുടെ പ്രധാന പരിഹാരം. ശരിയായി ഉറങ്ങുന്നതും, കണ്ണുകൾക്ക് വ്യായാമം നൽകുന്നതും, കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും തിളക്കം മാറാതെ സംരക്ഷിക്കുകയും ചെയ്യും. കൂടാതെ വെള്ളരിക്ക ജ്യൂസ് കണ്ണിനടിയിൽ ഇടയ്ക്കിടയ്ക്ക് പുരട്ടുകയും ചെയ്യുക.
-ചുളിവ്
പ്രായം കൂടുന്തോറും ശരീരത്തിൽ ചുളിവുകൾ വരുന്നത് സ്വാഭാവികമാണ്. ചുളിവുകളെ ഇല്ലായ്മ ചെയ്യാൻ ചില വഴികളുണ്ട്. നെറ്റിയിൽ ചുളിവുകൾ വരുമ്പോൾ വിറ്റാമിൻ ഇ ഓയിൽ പുരട്ടണം. ആഴ്ചയിൽ ഒരുദിവസം ഓയിൽ ബാത്ത് നടത്തുക, ദേഹം മുഴുവൻ എണ്ണ പുരട്ടി ഒരു മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കുളിക്കുക.
-പാദ സംരക്ഷണം
കാലുകളിൽ ക്രീം മസാജ് ചെയ്യുക. ഇതുവഴി ശരീരത്തിന് നല്ല ഉന്മേഷവും ഓജസും കിട്ടും. പാദങ്ങളുടെ അടിവശത്തിന് എല്ലാ അവയവങ്ങളുമായും ബന്ധമുണ്ട്. വീര്യം കുറഞ്ഞ സോപ്പ്, ബോഡി ഷാമ്പു എന്നിവയും ഉപയോഗിക്കാം .മാസത്തിൽ രണ്ട് തവണ പെഡിക്യൂർ ചെയ്യുക. ഇത് പാദങ്ങൾ മനോഹരമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
-ഭക്ഷണം എങ്ങനെ?
പ്രമേഹം, പോലുള്ള മിക്ക അസുഖങ്ങളും ഈ പ്രായത്തിൽ വരാനുള്ള സാധ്യത കൂടുതലാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക. നാരുകൾ, വൈറ്റമിൻ ഡി, കാത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. എണ്ണപലഹാരങ്ങൾ കഴിവതതും കുറയ്ക്കുക പഴങ്ങളും പച്ചക്കറികളും കഴിക്കുക. 10 ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണം.
- വ്യായാമം
മിക്ക അസുഖങ്ങൾക്കുമുള്ള മരുന്നാണ് വ്യായാമം. യോഗ, നടത്തം എന്നിവ ശീലിക്കണം.
-മേക്കപ്പ് എങ്ങനെ?
ലളിതമായ മേക്കപ്പ് മതി. ക്രീമുകളും മറ്റും വാരി വലിച്ച് തേക്കുന്നത് സൗന്ദര്യം കുറയാനാണ് കാരണമാകുകയെന്ന് ആദ്യം മനസിലാക്കുക.