health

ഇരുപതാം നൂറ്റാണ്ടിന്റെഅവസാന ദശകത്തിൽ പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനുള്ള ചികിത്സാരീതികളിൽ വിപ്‌ളവകരമായ നിരവധി മാറ്റങ്ങൾ ഉണ്ടായി. അടുത്തകാലത്ത് നടത്തിയ ഒരു സർവേയിൽ കണ്ടത് 18 നും 59നും ഇടയ്‌ക്കുള്ള പുരുഷന്മാരിൽ 31 - 43 ശതമാനം പേർക്ക് ലൈംഗിക ശേഷിക്കുറവ് ഉണ്ടെന്നാണ്. അതായത് കാൻസർ, ഹൃദ്രോഗം മുതലായ രോഗങ്ങൾ ഉള്ളവരേക്കാൾ ലൈംഗിക ശേഷിക്കുറവുള്ളവരുടെ എണ്ണം കൂടുതലാണ്.

ലൈംഗിക ശേഷിക്കുറവിന് പല കാരണങ്ങളുണ്ട്. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഒരു പ്രധാനപ്പെട്ട കാരണമാണ്. പ്രമേഹം, അമിതമായ കൊളസ്‌ട്രോൾ , അതിറോസ്‌ക്‌ളീറോസിസ്, രക്തസമ്മർദ്ദം, അപകടം മൂലം രക്തധമനികൾക്ക് തടസം നേരിട്ടവർ മുതലായവരിൽ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇത് പിന്നീട് ശേഷിക്കുറവിലേക്ക് നയിക്കുന്നു. ലിംഗത്തിലെ കാവർനോണസയിൽ നിന്ന് അശുദ്ധ രക്തക്കുഴലിലെ രക്തം വെളിയിലേക്ക് ലീക്ക് ചെയ്യുന്നതും മറ്റൊരു കാരണമാണ്. പ്രമേഹം, ലിംഗത്തിന് ഒടിവ് സംഭവിച്ച ആൾക്കാർ, ലിംഗത്തിന്റെ നാഡീവ്യൂഹത്തിന് തകരാറുള്ളവർ, നട്ടെല്ലിന് പരിക്ക് പറ്റിയവർ, റാഡിക്കൽ പ്രോസ്റ്റാറൈറ്റക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർക്കും ഈ രോഗലക്ഷണങ്ങൾ കാണാം. മാനസിക പ്രശ്‌നങ്ങൾ ലൈംഗിക ശേഷിക്കുറവിന് മറ്റൊരു കാരണമാണ്. വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങൾ മുതലായവ ഉള്ളവരിലും ലൈംഗികശേഷിക്കുറവിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നു.

പ്രമേഹരോഗികൾക്ക് സാധാരണക്കാരേക്കാൾ ലൈംഗിക ശേഷിക്കുറവിനുള്ള സാദ്ധ്യത 3 മുതൽ 4 ഇരട്ടി വരെയാണ്. മേൽപ്പറഞ്ഞ കാരണങ്ങളോടൊപ്പം പുരുഷ ഹോർമോൺ കുറയുന്നത് ഇത്തരക്കാരിൽ ലൈംഗിക ശേഷിക്കുറവിന് കാരണമാകുന്നു. പ്രമേഹമുള്ളവരിൽ ലിംഗത്തിലെ കാവർണോസയുടെ മാംസപേശികൾ ശോഷിച്ച് ബലഹീനമാകുന്നത് ലൈംഗികശേഷിക്കുറവിന് മറ്റൊരു കാരണമാണ്.ലൈംഗിക ശേഷിക്കുറവുള്ള വ്യക്തിക്ക് അനുബന്ധ ഹൃദ്‌രോഗത്തിനുള്ള സാദ്ധ്യത 14 ഇരട്ടിയാണ്. അതിനാൽ ലൈംഗികശേഷിക്കുറവിനെ ഹൃദ്‌രോഗത്തിന്റെ ഒരു ചൂണ്ടുപലകയായി കണക്കാക്കാം.

വിവിധങ്ങളായ മരുന്നുകൾ ലൈംഗികശേഷിക്കുറവ് ഉണ്ടാക്കുന്നു. രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, കീമോതെറാപ്പി, മാനസിക പ്രശ്‌നങ്ങൾക്കുള്ള മരുന്നുകൾ, അൾസറിന് ഉപയോഗിക്കുന്ന ചില മരുന്നുകൾ മുതലായവ ലൈംഗികശേഷിക്കുറവ് ഉണ്ടാക്കും. എൻഡോക്രൈൻ ഗ്രന്ഥികളുടെ അസുഖങ്ങളായ ഹൈപോ തൈറോയിഡിസം, ഹൈപോഗൊണാഡിസം മുതലായവയും ലൈംഗിക ശേഷിക്കുറവ് ഉണ്ടാക്കുന്നു.ലൈംഗികപ്രക്രിയയെപ്പറ്റിയുള്ള അശാസ്ത്രീയമായ വിവരങ്ങൾ, അജ്ഞത മുതലായവ മൂലവും ലൈംഗികശേഷിക്കുറവ് ഉണ്ടാകാം.ലൈംഗിക ശേഷിക്കുറവിനുള്ള കാരണങ്ങൾ വ്യക്തമായി മനസിലാക്കുന്നത് വിജയകരമായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.