കാസർകോട് : വീട്ടിൽ സൂക്ഷിച്ചാൽ മോഷണം പോകുമെന്ന് ഭയന്നാണ് കാശു നൽകി ബാങ്ക് ലോക്കർ തുറന്ന് സ്വർണം സൂക്ഷിക്കുവാൻ മിക്കവരും തയ്യാറാകുന്നത്. എന്നാൽ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന സ്വർണമുൾപ്പടെയുള്ള അമൂല്യ വസ്തുക്കൾ സുരക്ഷിതമാണെന്ന് കരുതാനാവുമോ ? കാസർകോട്ട് പൊതുമേഖലാ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ നൂറ് പവനോളം സ്വർണമാണ് കാണാതായത്. എന്നാൽ സംഭവം വിവാദമാവുകയും വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ ബാങ്ക് ലോക്കറിൽ നിന്നും കാണാതായ സ്വർണം ബാങ്കിലെ മറ്റൊരിടത്തു നിന്നും കണ്ടെത്തി. ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകൾ ഉപേക്ഷിച്ചിരുന്നിടത്തുനിന്നാണ് കാണാതായ സ്വർണം കണ്ടെത്തിയത്. ഇതോടെ സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ലോക്കറിലെ സ്വർണം ആവിയായതിങ്ങനെ
കാസർകോടുള്ള പൊതുമേഖലാ ബാങ്കിലെ ലോക്കറിൽ ആലംപാടി ബാഫഖി നഗറിലെ ബി എൻ എം ഹൗസിൽ സൈനബ യാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ജ്വല്ലറി ബോക്സിലാണ് 100 പവനോളം സൂക്ഷിച്ചിരുന്നത്. രണ്ട് ബോക്സുകളിൽ ലോക്കറിൽ ആഭരണം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മകൾക്കൊപ്പം വീട്ടമ്മ ബാങ്കിലെത്തിയത്. വിവാഹ ആവശ്യത്തിനായി സ്വർണമെടുക്കാൻ ലോക്കർ തുറന്നപ്പോൾ രണ്ട് ബോക്സിൽ ഒരെണ്ണം കാണാതാവുകയായിരുന്നു. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച ദിവസം ബാങ്കിലെത്തി പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഇവേസ്റ്റുകൾക്കിടയിൽ നിന്നും സ്വർണമടങ്ങിയ ബോക്സ് ലഭിച്ചത്. വീട്ടമ്മയുടെ സാന്നിദ്ധ്യത്തിൽ പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ യാതൊന്നും നഷ്ടമായില്ലെന്ന് ബോധ്യമാവുകയും ആഭരണങ്ങൾ വിട്ടുനൽകുകയുമായിരുന്നു.
ബാങ്ക് അധികൃതർ പറയുന്നത്
ലോക്കറിന്റെ താക്കോൽ വീട്ടമ്മയുടെ കൈവശമാണുള്ളതെന്നും അതിനാൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് ബാങ്ക് അധികാരികളുടെ ഭാഷ്യം. ഇതിന് മുൻപ് ലോക്കറിലെത്തിയപ്പോൾ വീട്ടമ്മ സ്വർണം മാറി മറ്റെവിടെ എങ്കിലും വച്ചു എന്ന് കരുതുന്നതായും അതല്ലാതെ പരാതിക്ക് ശേഷം ആരെങ്കിലും കൊണ്ട് വച്ചതാവാൻ സാധ്യതയില്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ ശനിയാഴ്ചയ്ക്ക് മുൻപ് വീട്ടമ്മ അവസാനമായി ലോക്കർ തുറന്നത് കഴിഞ്ഞ ഏപ്രിലിലാണ്. സ്വർണം തിരികെ കിട്ടിയെങ്കിലും തിരിമറിയുടെ ചുരുളുകൾ അഴിച്ചാൽ മാത്രമേ പൊലീസിന് സംഭവിച്ചതെന്തെന്ന് തെളിയിക്കാനാവുകയുള്ളു.