karnataka-crisis

ബംഗളൂരു: വിമത എം.എൽ.എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കർണാടകയിലെ സഖ്യസർക്കാരിനെ രക്ഷിക്കാൻ അവസാനവട്ട ശ്രമവുമായി കോൺഗ്രസ്. സ്പീക്കർ കെ.ആർ.രമേഷ് കുമാറിനെ മുൻനിറുത്തിയാണ് കോൺഗ്രസ് അവസാന വട്ട കരുക്കൾ നീക്കുന്നത്. രാജിവച്ച 13 എം.എൽ.എമാരിൽ എട്ട് പേർ നടപടിക്രമങ്ങൾ പാലിച്ചല്ല രാജിക്കത്ത് സമർപ്പിച്ചതെന്നും ഇവർ നേരിട്ടെത്തി രാജിസമർപ്പിക്കണമെന്നും സ്പീക്കർ ഗവർണർ വാജുഭായ് വാലയ്‌ക്ക് കത്ത് നൽകി. വിമത എം.എൽ.എമാരാരും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചിട്ടില്ല. 13 എം.എൽ.എമാരിൽ എട്ട് പേരോട് തന്നെ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഗവർണർ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

എന്നാൽ സ്പീക്കറുടെ തീരുമാനത്തിനെതിരെ എം.എൽ.എമാർക്ക് നിയമനടപടി സ്വീകരിക്കാനാകുമെന്നാണ് നിയമ വിദഗ്‌ദ്ധർ പറയുന്നത്. എന്നാൽ ഇതേക്കുറിച്ചൊന്നും എം.എൽ.എമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ എല്ലാ മന്ത്രിമാരും രാജിവച്ച സ്ഥിതിക്ക് വിമത എം.എൽ.എമാരെ കുമാരസ്വാമി മന്ത്രിസഭയിൽ മന്ത്രിമാരാക്കാനുള്ള നീക്കവും വിജയിക്കണമെന്നില്ലെന്നാണ് വിലയിരുത്തൽ. സഭയിൽ ഭൂരിപക്ഷം തെളിയിച്ചു മതി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്ന് ഗവർണർ വാജുഭായ് വാല തീരുമാനിച്ചാൽ കോൺഗ്രസ് ജെ.ഡി. എസ് സഖ്യത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. വിമത എം.എൽ.എ മാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. അയോഗ്യരാക്കിയാൽ ഇവർക്ക് കോടതിയിൽ പോകാമെങ്കിലും അതിന് സമയമെടുക്കും. ഉപതിരഞ്ഞെടുപ്പും വൈകും.

അതേസമയം, മന്ത്രിസ്ഥാനം ലക്ഷ്യമിട്ടല്ല താൻ എം.എൽ.എ സ്ഥാനം രാജിവച്ചതെന്നും രാജിപിൻവലിക്കില്ലെന്നും വിമത കോൺഗ്രസ് എം.എൽ.എ സോമശേഖർ വ്യക്തമാക്കി. സഖ്യസർക്കാരിന് കീഴിൽ നല്ല ഭരണം കാഴ്‌ചവയ്‌ക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ജനങ്ങൾ കോൺഗ്രസ് - ദൾ സഖ്യം ആഗ്രഹിക്കുന്നില്ലെന്നാണ് സത്യം. ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ ഉടൻ തന്നെ വിമത എം.എൽ.എമാർ യോഗം ചേരും. ഇക്കാര്യവുമായി ബന്ധപ്പെട്ട് സ്പീക്കറെ ഉടൻ തന്നെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വികസന മുരടിപ്പാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിവയ്‌ക്കുന്നതെന്നും വിമത ജെ.ഡി.എസ് എം.എൽ.എ നാരായൺ ഗൗഡയും പ്രതികരിച്ചു. മറ്റ് എം.എൽ.എമാരോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി കുമാരസ്വാമി വിദേശയാത്ര നടത്തിയത്. രണ്ട് ദിവസം കൂടി മുംബയിൽ കഴിഞ്ഞ ശേഷം സംസ്ഥാനത്തേക്ക് തിരിച്ച് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.