m-m-mani

ഇടുക്കി: സംസ്ഥാനത്ത് പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പ്രതിസന്ധി രൂക്ഷമാണെന്നും നിലവിലെ അവസ്ഥയിൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'വൈദ്യുതിക്ഷാമം പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും'- മന്ത്രി പറഞ്ഞു. ഉടൻ മഴ കിട്ടിയില്ലെങ്കിൽ കടുത്ത നിയന്ത്രണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഴയിൽ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അൻപത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

ഇടുക്കി ഡാമിൽ ഇപ്പോഴുള്ളത് ആകെ സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രമാമാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ 50 ശതമാനത്തിലേറെ മഴകുറഞ്ഞു. സംസ്ഥാനത്താകെ ഈ കാലയളവിൽ 799 മില്ലീ മീറ്റർ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും. 46 ശതമാനത്തിന്റെ കുറവ്. പതിനാല് ജില്ലകളിലും മഴയുടെ വൻകുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാർജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നൽകിയത്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 18 രൂപ മുതൽ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്സ‌ഡ് ചാർജും നൽകണം. അഞ്ചു രൂപ മുതൽ 70 രൂപ വരെയാണ് ഫിക്സഡ് ചാർജ് വർദ്ധന. ചാർജ് വർദ്ധന ഇന്നലെ മുതൽ നിലവിൽ വന്നതായി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.