പണമില്ലാത്തതിനാൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ആരോഗ്യരംഗത്ത് കഴിഞ്ഞ യുഡിഎഫ് സർക്കാർ നടത്തിയത്.
'ആരോഗ്യം അവകാശം" എന്ന ആശയമാണ് ഘട്ടംഘട്ടമായി യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയത്. 18 വയസു വരെയുള്ള എ.പി.എൽ /ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പരിധിയില്ലാത്ത സൗജന്യ ചികിത്സ ഉറപ്പാക്കിയ 'ആരോഗ്യകിരണം" , കാൻസർ രോഗികൾക്ക് എ.പി.എൽ/ബി.പി.എൽ വ്യത്യാസമില്ലാതെ പരിധിയില്ലാത്ത സൗജന്യ ചികിത്സ, മരുന്ന് എന്നിവ ഉറപ്പാക്കിയ 'സുകൃതം" , 30 വയസുമുതൽ സൗജന്യ ജീവിതശൈലി രോഗനിർണയവും ചികിത്സയും, മരുന്നും തുടർചികിത്സയും ഉറപ്പാക്കിയ 'അമൃതം ആരോഗ്യം" , ഗർഭകാലത്തുള്ള പരിശോധനയും പ്രസവച്ചെലവും (ആഹാരം, യാത്രാചെലവ് ഉൾപ്പെടെ) സൗജന്യമാക്കിയ 'അമ്മയും കുഞ്ഞും" എന്നിവ ഇതിലേയ്ക്കുള്ള ഉറച്ച കാൽവയ്പുകളായിരുന്നു. ഒപ്പം സാമൂഹ്യനീതി വകുപ്പിന്റെ ബധിരരായ കുട്ടികൾക്കുള്ള സൗജന്യ 'ശ്രുതിതരംഗം" , 'താലോലം" എന്നിവയും ഒരു അഷ്വറൻസ് മാതൃകയിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിരുന്നു.
ഇതുകൂടാതെ ലോകത്തിനുതന്നെ മാതൃകയായ 'കാരുണ്യ ബനവലന്റ് ഫണ്ട് " എന്ന സൗജന്യ ചികിത്സാ പദ്ധതി. ധനകാര്യമന്ത്രിയായിരുന്ന യശ്ശ:ശരീരനായ കെ.എം.മാണി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വഴി ഗുരുതരമായ അസുഖം ബാധിച്ചവർക്കും ചികിത്സാചെലവ് താങ്ങാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്നു. ജീവിതകാലം മുഴുവൻ വൈദ്യസഹായമില്ലാതെ ജീവൻ നിലനിറുത്താനാവാത്ത രോഗികൾക്ക് ചികിത്സാ സഹായം നൽകുകയെന്നത് പദ്ധതിയുടെ മുഖമുദ്രയായിരുന്നു. ലക്ഷക്കണക്കിന് ആൾക്കാർക്കാണ് പദ്ധതി വഴി ചികിത്സാ സഹായം ലഭിച്ചത്.
രോഗികൾക്ക് സൗജന്യ സഹായ പദ്ധതിയായി 'കാരുണ്യ ലോട്ടറി" മാറിയതോടെ ലോട്ടറി വില്പനയിലും ലോട്ടറി ഏജന്റുമാരുടെ എണ്ണത്തിലും കുതിച്ചുചാട്ടമായിരുന്നു. ഇതുവരെ കാരുണ്യ പദ്ധതിലൂടെ രണ്ടുലക്ഷത്തോളം രോഗികൾക്ക് രണ്ടായിരംകോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'ആയുഷ്മാൻ ഭാരത് " ഇൻഷ്വറൻസ് പദ്ധതിയുമായി സംയോജിപ്പിച്ച് 2019 ഏപ്രിൽ ഒന്ന് മുതൽ 'കാരുണ്യ സുരക്ഷാ പദ്ധതി " എന്ന ഇൻഷ്വറൻസ് പദ്ധതിയാണ് കേരള സർക്കാർ നിലവിൽ നടപ്പിലാക്കുന്നത്. നിലവിലുള്ള കാരുണ്യ ചികിത്സാ പദ്ധതി ആദ്യം ജൂൺ 30 വരെ നീട്ടി. ബഹുജനരോഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കണക്കിലെടുത്ത് 2020 മാർച്ച് വരെ നീട്ടുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി തുടരണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് കേരള ആരോഗ്യസുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ലഭിക്കുന്നത്. എന്നാൽ കാൻസർ, ഹൃദ്രോഗം, കരൾരോഗം, നാഡീവ്യൂഹ രോഗങ്ങൾ, അവയവം മാറ്റിവയ്ക്കൽ, ഹീമോഫീലിയ എന്നീ ചെലവേറിയ രോഗങ്ങൾക്ക് ഈ തുക മതിയാവില്ല. കിടത്തിചികിത്സയ്ക്ക് മാത്രമേ ചികിത്സാ സഹായം ലഭിക്കുകയുള്ളൂ എന്നത് വലിയ പരാധീനതയാണ്. ആശുപത്രിയിൽ അഡ്മിറ്റാവാതെ ഡയാലിസിസ്, കീമോതെറാപ്പി ചികിത്സകൾ ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കില്ലെന്നത് നിർദ്ധനരോഗികളെ മരണത്തിലേക്ക് തള്ളിവിടും. മുമ്പ് ആർ.എസ്.ബി.വൈ പദ്ധതിയുടെ കുടിശ്ശിക തുക ആശുപത്രികൾക്ക് യഥാസമയം വിതരണം ചെയ്യാത്തതിനെത്തുടർന്ന് കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയാണ് മറ്റ് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളേക്കാൾ വൻതുക കുറച്ച് എടുത്തിരിക്കുന്നത്.
എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾത്തന്നെ കാരുണ്യ പദ്ധതിയെ തകർക്കാൻ ശ്രമമുണ്ടായെങ്കിലും ഇതിനെതിരെ മാണി സാർ 2017 ഫെബ്രുവരി 17 ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി. മാണിസാറിന്റെ മരണത്തോടെ കാരുണ്യ പദ്ധതിയെയും മരണത്തിലേക്ക് തള്ളിവിടാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കുകതന്നെ ചെയ്യും.