ഒരുതവണ ചാർജ് ചെയ്‌താൽ പരമാവധി 452 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് എസ്.യു.വി ഹ്യൂണ്ടായ് പുറത്തിറക്കി. 25.30 ലക്ഷം രൂപ മുടക്കിയാൽ ഹ്യൂണ്ടായ് കോനയെന്ന ഈ പ്രീമിയം കോംപാറ്റ് ക്രോസ് ഓവറിനെ സ്വന്തമാക്കാം. ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലാണ് നിർമാണമെങ്കിലും ഏതൊരു ആഡംബര കാറിനെയും വെല്ലുന്ന സുഖസൗകര്യങ്ങൾ അടങ്ങിയതാണ് കോനയുടെ ഇന്റീരിയർ. മുന്നിലെ ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ലിം ഡി.ആർ.എൽ, ലോ മൗണ്ടഡ് ഹെഡ് ലാംപ്, സിംഗിൾ പീസ് ബോഡി കളേർഡ് ഹെഡ്ലാംപ് തുടങ്ങിയവ വാഹനത്തിന് ആധുനിക മുഖം നൽകുന്നു. ഇതിനൊപ്പം ബംബറിൽ ഘടിപ്പിച്ചിരിക്കുന്ന ഹ്യൂണ്ടായിയുടെ എംബ്ലം വാഹനത്തിന് കൂടുതൽ സൗന്ദരം നൽകുന്നു.
എത്ര കിട്ടുമെന്നല്ല, എത്ര ഓടുമെന്ന് ചോദിക്ക് പിള്ളേച്ചാ
അന്താരാഷ്ട്ര വിപണിയിലുള്ള വാഹനത്തിൽ രണ്ട് രീതിയിലുള്ള ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് 39.5 കിലോവാട്ട് അവറിന്റേതും മറ്റേത് 64 കിലോവാട്ട് അവറിന്റേതും. ഒറ്റച്ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ബാറ്ററി സംവിധാനം തന്നെ ഇന്ത്യയിലും കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ സമയമെടുത്താലേ ഈ ബാറ്ററി മുഴുവൻ ചാർജാകൂ. എന്നാൽ ഫാസ്‌റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് പൂജ്യത്തിൽ നിന്ന് 80 ശതമാനം എത്തിക്കാൻ കഴിയും. ഫ്രണ്ട് വീൽ ഡ്രൈവ് രീതിയിൽ എത്തുന്ന വണ്ടിയിൽ 110 കിലോവാട്ടിന്റെ മോട്ടോർ ആണ് ഉപയോഗിക്കുക. 131 ബി.എച്.പി കരുത്തും 395 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകാൻ ഈ മോട്ടോറിന് കഴിയും. പൂജ്യത്തിൽ നിന്ന് 9.7 സെക്കൻഡ് നൂറിലെത്താൻ ഈ മോട്ടോർ ധാരാളമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവിൽ വിപണിയിലുള്ള ഏത് എസ്.യു.വിയോടും ഒരു കൈ നോക്കാൻ കോനയ്‌ക്ക് കഴിയുമെന്ന് സാരം.
കോന സിംപിളാണ് ബട്ട് പവർഫുൾ
പുറത്തെ ഡിസൈനിംഗിലും ഹൂഡിനുള്ളിലും ആധുനികമായെങ്കിലും വളരെ സിംപിളായാണ് കോനയുടെ ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് കോനയിലുള്ളത്. സ്‌മാർട്ട് ഫോൺ കണക്‌ടിവിറ്റി, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എട്ട് ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫർടെയിൻമെന്റ് സിസ്‌റ്റം എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ലഭ്യമാണ്. മാത്രവുമല്ല ലെതർ സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുകൾ രണ്ട് രീതിയിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ഹെഡ‌്ലാംപ്, ഇലക്ട്രിക് സൺറൂഫ്, 10 രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്. എല്ലാ ടയറുകളിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമുള്ള കാറിൽ എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.സി, വി.എസ്.എം, എച്.എ.സി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല സൈലന്റായി സഞ്ചരിക്കുന്ന കാറിൽ വിർച്വൽ ശബ്‌ദ സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്.