നൈപുണ്യശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ജൂലായ് 15 അന്താരാഷ്ട്ര യുവജന നൈപുണ്യദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിൽ ഇന്നുമുതൽ 15 വരെ യുവജന നൈപുണ്യദിനവാരം ആചരിക്കും. ശാസ്ത്രസങ്കേതിക മേഖലകളിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് ആഗോള തൊഴിൽകമ്പോളത്തിലും നിരന്തരമായ പരിവർത്തനം നടക്കുകയാണ്. തൊഴിൽമേഖലകൾ ആവശ്യപ്പെടുന്ന നൈപുണ്യശേഷി ആർജ്ജിച്ചെങ്കിൽ മാത്രമേ പുതിയ മേഖലകളിലെ തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാവൂ.
വികസ്വരരാജ്യങ്ങൾ ഉൾപ്പെടെ രൂക്ഷമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കാൻ പോവുകയാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ 2013ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ സ്ഥിതിയും ഒട്ടും ശുഭകരമല്ലെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ കാണിക്കുന്നത്. 2017 - 18ൽ രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പരമ്പരാഗത തൊഴിൽമേഖലകളിൽ അവസരങ്ങൾ ഇല്ലാതാകുകയാണെങ്കിലും ആഗോളതലത്തിൽ പുതിയ തൊഴിലുകൾ ഉയർന്നുവരികയാണ്. ശാസ്ത്രസാേങ്കതികരംഗത്തെ കുതിച്ചുചാട്ടത്തിന് അനുസൃതമായി വളർന്നുവരുന്ന പുത്തൻ തൊഴിൽമേഖലകൾ നൈപുണ്യശേഷിയിൽ അധിഷ്ഠിതമാണെന്നു കാണാം. ഇതനുസരിച്ച് തൊഴിൽനൈപുണ്യം ആർജ്ജിച്ചെങ്കിൽ മാത്രമേ തൊഴിൽക്കമ്പോളത്തിൽ പിടിച്ചുനിൽക്കാനാവൂ.
തൊഴിലധിഷ്ഠിതമായ പരിശീലനം, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികളിലൂടെ കേരളത്തിലെ യുവതീയുവാക്കൾക്ക് വിപുലമായ അവസരങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ളത്. വൈദഗ്ദ്ധ്യമുള്ള തൊഴിൽശക്തി രൂപപ്പെടുത്താൻ സർക്കാർ പ്രാധാന്യം നൽകുന്നു. ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പൊതു സ്വകാര്യമേഖലകളിലെ തൊഴിൽസാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് 11 ജില്ലകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോട് അനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകൾ പ്രവർത്തിക്കുന്നു. എല്ലാ ജില്ലയിലും എംപ്ലോയബിലിറ്റി സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സ്കിൽ രജിസ്ട്രി
നൈപുണ്യ യുവജന ദിനാചരണത്തിന്റെ ഭാഗമായി സ്കിൽ രജിസ്ട്രി എന്ന മൊബൈൽ ആപ്ലിക്കേഷൻ കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് മുഖേന തൊഴിലും നൈപുണ്യവും വകുപ്പ് പൊതുജനങ്ങൾക്കും തൊഴിലന്വേഷകർക്കുമായി സമർപ്പിക്കുകയാണ്. വിവിധ മേഖലകളിൽ തൊഴിൽവൈദഗ്ധ്യം ആർജ്ജിച്ചവർക്ക് സ്വയംതൊഴിൽ സാധ്യത കണ്ടെത്താനും പൊതുജനങ്ങൾക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്താനുമായാണ് സ്കിൽ രജിസ്ട്രിക്ക് രൂപം നൽകുന്നത്. ദൈനംദിന ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കാൻ മൊബൈൽ ആപ് ഉപയോഗപ്പെടുത്താം. വ്യാവസായിക പരിശീലന വകുപ്പ്, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ സംവിധാനം തിരുവനന്തപുരം ജില്ലയിലാണ് തുടക്കത്തിൽ പ്രവർത്തനസജ്ജമാകുന്നത്. പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, ഡ്രൈവർ, ഗാർഹികതൊഴിൽ തുടങ്ങി 23 സേവന മേഖലകൾ സ്കിൽ രജിസ്ട്രിയിൽ ഉൾപ്പെടുത്തും. വിവിധ ദൈനംദിന സേവനങ്ങൾ ഇതുവഴി ലഭ്യമാക്കാനാവും. സ്കിൽ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.