karnataka-crisis

ബംഗളൂരു: വിമത എം.എൽ.എമാരുടെ രാജിയോടെ കുഴഞ്ഞുമറിഞ്ഞ കർണാടക രാഷ്ട്രീയത്തിൽ ബി.ജെ.പി നടത്തുന്ന അവിഹിത ഇടപെടലുകൾ ജനാധിപത്യത്തിന് അവഹേളനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാജിവച്ച സ്വതന്ത്ര എം.എൽ.എയെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയത് ബി.ജെ.പിയുടെ അവിഹിത ഇടപെടലിന്റെ തെളിവാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച് സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എം.എൽ.എയായ എച്.നാഗേഷ് പ്രത്യേക വിമാനത്തിൽ മുംബയിലേക്ക് പറക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നാഗേഷിന്റെ കൂടെ വിമാനത്തിലുണ്ടായിരുന്നത് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ പേഴ്സണൽ അസിസ്‌റ്റന്റുമാരിൽ ഒരാളാണെന്നും തെളിഞ്ഞിരുന്നു. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ തങ്ങൾ ഇടപെട്ടിട്ടില്ലെന്ന് ബി.ജെ.പി ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടയിൽ പുറത്തുവന്ന ചിത്രങ്ങൾ അക്ഷരാർത്ഥത്തിൽ ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയെന്ന് വേണം പറയാൻ. ഇതോടെയാണ് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

കർണാടകയിലെ പ്രതിസന്ധിയിൽ ബി.ജെ.പിയുടെ കരങ്ങളുണ്ടെന്ന കാര്യം സത്യമാണെന്ന് ആസാദ് ആരോപിച്ചു. വിമത എം.എൽ.എമാർക്കൊപ്പം യെദ്യൂരപ്പയുടെ സഹായികളും ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണല്ലോ. ഇനി ബി.ജെ.പി ഏതെങ്കിലും ബാറിലോ റെസ്‌റ്റോറന്റിലോ തങ്ങളുടെ മുഖ്യമന്ത്രിയെ നിയമിച്ചാൽ മതി. മണിപ്പൂരിലും അരുണാചൽ പ്രദേശിലും ഇതേ രീതിയിൽ ബി.ജെ.പി അട്ടിമറി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ബി.ജെ.പിക്കാർ തട്ടിക്കൊണ്ട് പോയെന്ന് നാഗേഷ് ഫോണിലൂടെ പരാതിപ്പെട്ടതായി കർണാടകയിലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി.കെ.ശിവകുമാറും ആരോപിച്ചിരുന്നു. യെദ്യൂരപ്പയുടെ സഹായികൾ തന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ് താൻ വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനം പോയിക്കഴി‌ഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. രാജിവച്ച 13 എം.എൽ.എമാരിൽ എട്ട് പേരുടെ രാജി ചട്ടങ്ങൾ അനുസരിച്ചല്ലെന്നും ഇവർ നേരിട്ടെത്തി തനിക്ക് രാജി സമർപ്പിക്കണമെന്നും സ്പീക്കർ നിലപാടെടുത്തതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായത്.