കൊച്ചി: കേരള സ്‌റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം)​ ഒരുക്കുന്ന വനിതാ സ്‌റ്റാർട്ടപ്പ് ഉച്ചകോടി ആഗസ്‌റ്ര് ഒന്നിന് കളമശേരി ഇന്റഗ്രേറ്റഡ് സ്‌റ്രാർട്ടപ്പ് കോംപ്ളക്‌സിൽ നടക്കും. സംരംഭകരാൻ ആഗ്രഹിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഉച്ചകോടി,​ സി.ഐ.ഐയ്ക്ക് കീഴിലെ വിമൻ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

സ്‌റ്റാർട്ടപ്പ് സ്ഥാപകരും ഈ രംഗത്തെ പ്രമുഖരും അനുഭവങ്ങൾ പങ്കുവയ്‌ക്കുന്ന ഉച്ചകോടിയുടെ വിഷയം 'എല്ലാവരയെും ഉൾപ്പെടുത്തിയുള്ള സംരംഭക അന്തരീക്ഷ വികസനം" എന്നതാണ്. നിലവിൽ,​ കേരളത്തിൽ സാങ്കേതിക സ്‌റ്റാർട്ടപ്പ് രംഗത്ത് 13 ശതമാനമാണ് വനിതാ പങ്കാളിത്തം. ഇതു വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വനിതാ സംരംഭകർക്കായി സർക്കാർ ആവിഷ്‌കരിച്ച സഹായ പദ്ധതികളെ കുറിച്ച് ഉച്ചകോടിയിൽ വിശദീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലായ് 30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: https://startupmission.in/womensummit/