തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കുന്ന ചെങ്കോട്ട വേദിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. മാജിക് അക്കാഡമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനുമായി സഹകരിച്ചുകൊണ്ട് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒരുക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിലെ ഒന്നാമത്തെ വേദിയാണ് ഇന്ത്യാ ഫോർട്ട് എന്ന പേരിൽ ഒരുങ്ങുന്നത്. 105 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് റെഡ് ഫോർട്ട് നിർമിച്ചിരിക്കുന്നത്. കൂറ്റൻ തൂണുകളും മട്ടുപ്പാവുകളും കമാനങ്ങളും ഇന്ത്യാ ഫോർട്ടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കെട്ടിലും മട്ടിലും ചെങ്കോട്ടയുടെ പ്രതീതി നിലനിറുത്തുവാൻ ശ്രമിച്ചിട്ടുള്ള ഇന്ത്യാ ഫോർട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇന്ത്യാ ഫോർട്ടിലെ മദ്ധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന വേദിയിലാണ് ഭിന്നശേഷിക്കുട്ടികൾ കലാവതരണം നടത്തുക.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനായി ഡിഫറന്റ് ആർട്സ് സെന്ററിൽ 6 വേദികളാണ് ക്രമീകരിക്കുന്നത്. അതിൽ ഒന്നാമത്തെ വേദിയാണിത്. വിമാനം, മാജിക് ഒഫ് നേച്വർ, മരം, കൽമണ്ഡപം, നാലുകെട്ട് എന്നീ മാതൃകകളിലാണ് മറ്റു വേദികൾ നിർമിക്കുന്നത്. തികച്ചും ഭിന്നശേഷി സൗഹൃദപരമാണ് ഈ വേദികൾ. ടാലന്റ് ഡിസ്പ്ലേ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കുന്ന 100 കുട്ടികൾക്ക് പ്രത്യേക പരിശീലനം മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ നൽകി ഡിഫറന്റ് ആർട്സ് സെന്ററിൽ പെർഫോർമൻസിനുള്ള അവസരം നൽകും. നൃത്തം, സംഗീതം, ചിത്രരചന, കരകൗശല നിർമാണം തുടങ്ങിയ നിരവധി മേഖലകളിൽ കഴിവു വികസിപ്പിച്ച് കലാവതരണത്തിനുള്ള വേദി നൽകുന്നതിനോടൊപ്പം ഇവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും. ശാസ്ത്രീയമായ പരിശീലന പരിപാടികളായിരിക്കും സംഘടിപ്പിക്കുക. ഡിഫറന്റ് ആർട്സ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലേഴ്സ്, സ്പെഷ്യൽ അദ്ധ്യാപകർ എന്നിവരുടെ സേവനവും ലഭ്യമാക്കും. ലോകത്തെവിടെയുമുള്ള ഭിന്നശേഷി കലാവതാരകർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാർക്ക് ഇത്തരമൊരു സെന്റർ ഒരുങ്ങുന്നത്.
ഉദ്ഘാടനം
ഇന്ത്യാ ഫോർട്ടിന്റെ ഉദ്ഘാടനം 15ന് വൈകിട്ട് 5ന് ഗവർണർ പി. സദാശിവം നിർവഹിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ബിജു പ്രഭാകർ, മാജിക് അക്കാഡമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുക്കും.