കൊച്ചി: ഹ്യുണ്ടായിയുടെ കോന ഇലക്‌ട്രിക് എസ്.യു.വി വിപണിയിലെത്തി. ഫാന്റം ബ്ളാക്ക്, പോളാർ വൈറ്റ്, മറീന ബ്ളൂ, ടൈഫൂൺ സിൽവർ നിറഭേദങ്ങളിൽ ലഭിക്കുന്ന കോനയ്ക്ക് 25.30 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ആകർഷകമാണ് കോനയുടെ രൂപകല്‌പന. മുന്നിൽ കൊത്തുപണികൾ നടത്തിയത് പോലെയുള്ള വ്യത്യസ്‌തമായ ഗ്രിൽ, അതിൽ ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ട്, എൽ.ഇ.ഡിയോട് കൂടിയ ഹൈഡ്‌ലൈറ്റും ഡി.ആർ.എല്ലും, റൂഫ്‌റെയിലുകളും 17-ഇഞ്ച് അലോയ് വീലുകളും എന്നിവ കോനയ്ക്ക് നല്ല അഴക് സമ്മാനിക്കുന്നു.
17.77 സെന്റീമീറ്രർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, മൾട്ടി ഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ, ഓട്ടോമാറ്രിക് എ.സി., സ്‌മാർട്‌ഫോൺ വയർലെസ് ചാർജിംഗ്, നിലവാരമേറിയ സീറ്റുകൾ എന്നിവയാൽ സമ്പന്നമാണ് അകത്തളം. 39.2 കെ.ഡബ്ള്യു.എച്ച് ലിഥിയം അയൺ പോളിമർ ബാറ്ററിയും പെർമനന്റ് മാഗ്‌നറ്ര് സിൻക്രണസ് ഇലക്‌ട്രിക് മോട്ടറുമാണുള്ളത്. 136 പി.എസ് കരുത്തും 395 എൻ.എം ടോർക്കുമുള്ള മോട്ടോറാണിത്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ 9.7 സെക്കൻഡ് മതി. എക്കോ പ്ളസ്, എക്കോ, കംഫർട്ട്, സ്‌പോർട് ഡ്രൈവിംഗ് മോഡുകളുണ്ട്. ഒറ്റ ചാർജിംഗിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നതാണ് ഹ്യുണ്ടായ് കോനയുടെ മുഖ്യ സവിശേഷത. ആറ് എയർ ബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്രി കൺട്രോൾ തുടങ്ങിയ മികവുകളും കോനയ്ക്കുണ്ട്.