ബംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാരിന്റെ നിലനില്പ് തുലാസിലായ കർണാടകത്തിൽ, നേതൃത്വത്തിന് പരമാവധി സമയം നീട്ടിനൽകാൻ നിയമസഭാ സ്പീക്കറും, രാജിവച്ചവരെ അയോഗ്യരാക്കുമെന്ന ഭീഷണിയുമായി കോൺഗ്രസും, അവകാശവാദവുമായി ഇന്ന് ഗവർണറെ കാണാൻ ബി.ജെ.പിയും തീരുമാനിച്ചിരിക്കെ ദിവസങ്ങളായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി ക്ളൈമാക്‌സിലെത്താൻ വെെകില്ല.
കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രാജിവച്ച 14 എം.എൽ.എമാരിൽ എട്ടു പേരുടെ രാജി, നടപടിക്രമങ്ങൾ അനുസരിച്ചല്ലെന്നാണ് സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ നിലപാട്. ഇവരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കർ മറ്റുള്ളവരോട് രണ്ടു ദിവസത്തിനകം നേരിൽ വന്നു കണ്ട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ, എം.എൽ.എമാരെ അനുനയിപ്പിച്ച് തിരികെയെത്തിക്കാൻ സർക്കാരിന് 'രക്ഷാസമയം' അനുവദിക്കുന്നതാണ് സ്പീക്കറുടെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഗവർണറെ കാണാൻ രാത്രി ചേർന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗം തീരുമാനിച്ചു. എം.എൽ.എമാരുടെ രാജിയിൽ തീരുമാനം വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് സ്പീക്കറെയും കാണുന്നുണ്ട്. ഇതോടെ പന്ത് ഗവർണർക്കും സ്പീക്കർക്കുമിടയിലായി.
അയോഗ്യരാക്കപ്പെടുന്ന എം.എൽ.എമാർക്ക് അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല. ഈ സർക്കാരിന് ഇനിയും നാലു വർഷം ബാക്കിയുണ്ടെന്നിരിക്കെ, ഫലത്തിൽ ഇവർ ഒൻപതു വർഷത്തിലേറെ പുറത്തുനിൽക്കേണ്ടിവരും. സ്പീക്കറെ മുൻനിറുത്തി ഭീഷണിസമ്മർദ്ദം മുറുക്കി എം.എൽ.എമാരെ തിരികെയെത്തിക്കാനാണ് കോൺഗ്രസ് ശ്രമം. അനുനയ- സമ്മർദ്ദ തന്ത്രങ്ങൾക്കായി ഗുലാം നബി ആസാദ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നലെ മുംബയ്ക്കു തിരിക്കുകയും ചെയ്തു.
കോൺഗ്രസ് വിട്ട പത്തും, ജെ.ഡി.എസിൽ നിന്ന് രാജിവച്ച രണ്ടും അംഗങ്ങൾ ഉൾപ്പെടെ 12 എം.എൽ.എമാർ ശനിയാഴ്ച വൈകിട്ടു തന്നെ മുംബയ്ക്കു പോയിരുന്നു. അവിടെ, സോഫിടെൽ നക്ഷത്ര ഹോട്ടലിൽ താമസിച്ച സംഘം തിങ്കളാഴ്ച വൈകിട്ടോടെ ഗോവയിലേക്കു പുറപ്പെട്ടെങ്കിലും പൂനെയിൽ ഇറങ്ങി, സതാര റോഡിലെ കൊറിന്ത്യൻസ് റിസോർട്ടിൽ തങ്ങി. ഗോവയിലേക്ക് സ്വകാര്യ വിമാനം ചാർട്ടർ ചെയ്തെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ പുറപ്പെടാനായില്ല. ഗോവയിൽ അർദ്ധരാത്രിക്കു ശേഷം ലാൻഡിംഗ് സൗകര്യവുമില്ല. തുടർന്ന് പൂനെയിൽ നിന്ന് ഇന്നലെ മുംബയിൽ മടങ്ങിയെത്തിയ സംഘം റിനൈസൻസ് ഹോട്ടലിൽ തങ്ങുകയാണ്. മുംബയ് യുവമോർച്ച അദ്ധ്യക്ഷൻ മൊഹിത് ഭാർത്യ ഇവർക്കൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്.
കർണാടകം
കഥ ഇതുവരെ
ആകെ അംഗസംഖ്യ: 225
കേവല ഭൂരിപക്ഷം: 113
ഭരണപക്ഷം: 117
ബി.ജെ.പി: 105
രാജിയുടെ കഥ
രാജിവച്ചത്: 14 പേർ
കോൺഗ്രസ് വിട്ടത്: 10
ജെ.ഡി.എസ് വിട്ടത്: 02
സ്വതന്ത്രർ: 02
ഇനി കളി ഇങ്ങനെ:
14 പേരുടെ രാജി സ്വീകരിച്ചാൽ
ബാക്കി അംഗസംഖ്യ: 211
കേവല ഭൂരിപക്ഷം: 106
ഭരണപക്ഷത്ത്: 103
ബി.ജെ.പി: 107
(രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ)