മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയിൽ ഇന്ത്യ- ന്യൂസിലൻസ് മത്സരത്തിൽ മഴ വില്ലനാകുന്നു.
മഴയെ തുടർന്ന് കളി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ന്യൂസിലൻഡ് 46.1ഓവറിൽ 211 റൺസെത്തി നിൽക്കുന്നതിനിടെയാണ് മഴ വന്നത്. അർദ്ധസെഞ്ച്വറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവരാണ് ഇപ്പോൾ ക്രീസിലുള്ളത്.
10 ബോളിൽ 16 റൺസെടുത്ത ഗ്രാന്റ്ഹോമിന്റെ വിക്കറ്റാണ് കിവീസിന് അവസാനമായി നഷ്ടമായത്. 18 ബോളിൽ 12 റൺസെടുത്ത ജയിംസ് നീഷമിന്റെ വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു. നിലവിൽ കിവീസ് പട 193 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടത്തോടെ പൊരുതുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ എന്നിവർ ഒരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്ടൻ കെയ്ൻ വില്യംസൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. സ്‌പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനു പകരമാണ് യുസ്‌വേന്ദ്ര ചഹൽ തിരിച്ചെത്തിയത്. ഇതോടെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോൾ ജസ്‌പ്രീത് ബുമ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാറാണ് ബോളിംഗ് .
ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ മടങ്ങിയെത്തി. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ 336 റൺസ് അടിച്ച് 89 റൺസിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. മഴയ്ക്ക് സാദ്ധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.