anna-hazare

മുംബയ്: അഴിമതിയെ എതിർത്ത് സംസാരിച്ചതിന് തന്നെ ഇല്ലാതാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് കോടതിയോട് വെളിപ്പെടുത്തി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ഒസ്മാനബാദിലുള്ള ടെർണ പഞ്ചസാര ഫാക്ടറിയിൽ നടക്കുന്ന അഴിമതിയെ കുറിച്ച് തുറന്ന് സംസാരിച്ചതിനാണ് തന്നെ കൊല്ലാൻ ഏതാനും ചിലർ കരാർ നൽകിയതായി അണ്ണാ ഹസാരെ മുംബയിലെ സി.ബി.ഐ കോടതിയോട് വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് പവൻ രാജെ നിംബൽക്കറുടെ കൊലക്കേസിൽ സാക്ഷി മൊഴി നൽകുകയായിരുന്നു അണ്ണാ ഹസാരെ.

തന്നെ കൊല്ലാൻ കരാർ നൽകിയിട്ടുണ്ടെന്ന് അറിഞ്ഞയുടനെ താൻ പൊലീസിൽ പരാതി നൽകിയിരുന്നതായും ഹസാരെ കോടതിയോട് പറഞ്ഞു. പൊലീസിൽ പരാതി നൽകും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും താൻ ഈ കാര്യം ബോധ്യപ്പെടുത്തിയിരുന്നു എന്നും എന്നാൽ ഒരു നടപടിയും സ്വീകരിക്കാൻ അവർ തയാറായില്ല എന്നും അണ്ണാ ഹസാരെ കോടതിയെ ബോധിപ്പിച്ചു.

2006ൽ നടന്ന മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ പദംസിംഗ് പട്ടേൽ മുഖ്യപ്രതിയായ കൊലക്കേസിലാണ് കോടതി വാദം കേട്ടത്. പദംസിംഗിന്റെ ബന്ധു കൂടിയായ പവൻ രാജെയെയും അദ്ദേഹത്തിന്റെ വണ്ടിയുടെ ഡ്രൈവറെയും 2005ൽ മുംബയ് പൂനെ എക്സ്പ്രസ് ഹൈവേയ്ക്കടുത്ത് ,വെടിവച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പദം സിംഗ് പ്രസിഡന്റായി ഇരിക്കുന്ന പഞ്ചസാര ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഈ കൊലപാതകം നടന്നതെന്ന് അന്നേ ആരോപണം ഉണ്ട്.

ഈ കേസിൽ കാര്യമായ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് അണ്ണാ ഹസാരെ തനിക്ക് ലഭിച്ച പദ്മശ്രീയും വൃക്ഷ മിത്ര പുരസ്കാരവും കേന്ദ്ര സർക്കാരിന് തിരികെ നൽകിയിരുന്നു. കേസിൽ നടപടി എടുക്കാനായി അദ്ദേഹം നിരാഹാര സത്യാഗ്രഹവും നടത്തിയിരുന്നു. അതിനു ശേഷമാണ്, സർക്കാർ, കേസിന്റെ അന്വേഷണത്തിന്, വിരമിച്ച സുപ്രീം കോടതി ജഡ്ജി നയിക്കുന്ന അന്വേഷണ കമീഷനെ നിയമിച്ചത്.