ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി വാതോരാതെ പറഞ്ഞിട്ടും മതിയാകുന്നില്ല ഗീതയ്ക്ക്. ഒടുവിൽ അവൾ മനസ് തുറന്ന് പാടി... പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നിന്നുതിർന്ന ആ സ്വരമാധുരി സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ വൈറലായി.
'എന്നെ നാടറിയുന്ന പാട്ടുകാരിയാക്കിയത് നരേന്ദ്രമോദിയാണ്. അദ്ദേഹം സമ്മാനിച്ച 250 രൂപയാണ് ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിച്ചത്. അദ്ദേഹത്തിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാനായതിന്റെ സന്തോഷത്തിലാണ് ഞാൻ. ഈ നാടൻ പാട്ട് (റോണ സേർ മ...) അദ്ദേഹത്തിന് സമർപ്പിക്കുന്നു'' ഗുജറാത്തിലെ പ്രശസ്ത നാടൻപാട്ടുകാരി ഗീതാ റാബ്രി പറഞ്ഞു.

ചെറുപ്പത്തിൽ സ്‌കൂളിൽ വച്ചാണ് ഗീത മോദിയെ ആദ്യമായി കാണുന്നത്. മോദിക്ക് മുന്നിൽ കുഞ്ഞു ഗീത ഒരു പാട്ടുപാടി. നല്ല സ്വരമാണെന്നും പാട്ട് പരിശീലിക്കണമെന്നും പറഞ്ഞ് മോദി 250 രൂപ ഗീതയ്ക്ക് സമ്മാനമായി നൽകി.

'വനത്തിൽ താമസിക്കുന്ന മാൽധാരി വിഭാത്തിൽപ്പെട്ടവരാണ് ഞങ്ങൾ. പെൺകുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ടുളള 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ പോസ്റ്റ് കാർഡ് അച്ഛന് ലഭിച്ചതോടെയാണ് എനിക്ക് തുടർന്നും പഠിക്കാൻ കഴിഞ്ഞത്'- ഗീതാ റാബറി പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിൽ വച്ചാണ് പ്രധാനമന്ത്രിയെ ഗീത സന്ദർശിച്ചത്. മോദി തനിക്ക് പിതൃതുല്യനാണെന്നും ഗീത പറഞ്ഞു.

ഗീത റാബ്രിക്കൊപ്പമുള്ള ചിത്രം മോദി ട്വീറ്റ് ചെയ്തു. 'ഗീതയെപ്പോലെയുള്ളവർ ജനങ്ങളെ പ്രചോദിപ്പിക്കുന്നവരാണ്. താഴ്ന്ന സാഹചര്യത്തിൽ ജനിച്ചിട്ടും സ്വന്തം സ്വപ്നങ്ങളെ പിന്തുടർന്ന് അതിൽ വിജയം കൈവരിച്ചയാളാണ് ഗീത. യുവാക്കൾക്കിടയിൽ ഗുജറാത്തിന്റെ നാടൻ പാട്ടുകൾ പ്രചാരത്തിലാക്കിയ അവരിൽ മതിപ്പ് തോന്നുന്നു'- മോദി കുറിച്ചു.